ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. അതേസമയം തോല്‍വി അറിയാതെ കുതിച്ച രാജസ്ഥാന് റോയല്‍സിനെ മുട്ടുകുത്തിച്ച ആത്മവിശ്വാസവുമായിയാട്ടാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇറങ്ങുന്നത്. ഹൈദരാബാദില്‍ രാത്രി ഏഴരയ്ക്കാണ് മത്സര. ജയം തുടരാന്‍ സൂപ്പര്‍ കിംഗ്സും സണ്‍ റൈസേഴ്സും നേര്‍ക്കുനേര്‍ ഇറങ്ങുമ്പോൾ ഐപിഎല്ലിൽ ഇന്ന് തീപാറും പോരാട്ടം നടക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന് കിഷന്, ഹെന്റിച്ച് ക്ലാസന് എന്നിവര്‍ ഉള്‍പ്പെട്ട ബാറ്റിംഗ് നിര ശക്തമാണ്. പേസര്‍മാരായ പ്രഫുല്‍ ഹിംഗേയും സാകിബ് ഹുസൈനും ശ്രദ്ധാകേന്ദ്രങ്ങളാണ്. ഇരുവരും രാജസ്ഥാനെതിരായ അരങ്ങേറ്റ മത്സരത്തില്‍ നാല് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. ഇഷാന് മലിംഗ, ര്‍ഷ് ദുബേ എന്നിവര്‍ക്കൊപ്പം നിതീഷ് കുമാര്‍ റെഡ്ഡിയുടെ ഓള്‍റൗണ്ട് മികവ് കൂടിയാവുമ്പോള്‍ സണ്‍റൈസേഴ്സ് പവറാണ്. അതേസമയം ഡല്‍ഹിയെയും കൊല്‍ക്കത്തയേയും വീഴ്ത്തിയ ചെന്നൈ ഹാട്രിക് ജയം ലക്ഷ്യമിടുമ്പോള്‍ ടീമിന് ആവേശം പകരാൻ എം എസ് ധോണിയുമുണ്ട്. പരിക്ക് മാറി ടീമിനൊപ്പം ചേര്‍ന്നെങ്കിലും ധോണി ഇന്ന് കളിച്ചേക്കില്ല. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന്റെ റണ്‍ വരള്‍ച്ചയാണ് പ്രധാന പ്രതിസന്ധി. സഞ്ജു സാംസണിന്റെയും ഡെവാള്‍ഡ് ബ്രെവിസിന്റെയും സര്‍ഫറാസ് ഖാന്റെയും ബാറ്റിങ്ങിലും പ്രതീക്ഷയുണ്ട്. പരിക്കേറ്റ ഖലീല്‍ അഹമ്മദിന് പകരം മുകേഷ് ചൗധരിക്ക് അവസരം കിട്ടും. നേര്‍ക്കുനേര്‍ കണക്കില്‍ ചെന്നൈയ്ക്ക് വ്യക്തമായ മേധാവിത്വമുണ്ട്. 22 മത്സരങ്ങളില്‍ പതിനഞ്ചിലും ചെന്നൈ ജയിച്ചു. സണ്‍റൈസേഴ്സ് ജയിച്ചത് ഏഴ് കളിയില്‍ മാത്രമാണ്.
അതേസമയം ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. വൈകിട്ട് 3.30ന് ബെംഗളുരു, ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് ആര്‍സിബി. ഇന്ന് ജയിച്ചാല്‍ പഞ്ചാബിനെ മറികടന്ന് ഒന്നാമതെത്താന്‍ ആര്‍സിബിക്ക് കഴിയും. കഴിഞ്ഞ രണ്ട് മത്സരങ്ങളും തോറ്റ ഡല്‍ഹി നിലവില്‍ ആറാം സ്ഥാനത്താണ്. നാല് മത്സരങ്ങളില്‍ നാല് പോയിന്റാണ് ഡല്‍ഹിക്കുള്ളത്.
