തിരുവനന്തപുരം: കിഫ്ബി സംസ്ഥാനത്തിന് വലിയ കടബാധ്യതയുണ്ടാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ധനവകുപ്പിനെ നോക്കുകുത്തിയാക്കി കിഫ്ബി സ്വതന്ത്ര സംവിധാനമായി പ്രവർത്തിച്ചെന്നും കിഫ്ബിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കിഫ്ബി വായ്പകൾ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ ബാധിച്ചെന്നും 25,932.55 കോടി രൂപയുടെ കുറവിന് കാരണമായെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ 99.4 ശതമാനം വരുമാനവും വായ്പ തിരിച്ചടവിനായി ഉപയോഗിച്ചെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തലായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ധനവകുപ്പ് ഉന്നയിച്ച എതിർപ്പുകൾ മുഖ്യമന്ത്രി അധ്യക്ഷനായ യോഗം മറികടന്നുവെന്നും കിഫ്ബി വഴി 13,103 കോടി രൂപയുടെ അധിക ചെലവുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.
കിഫ്ബി പദ്ധതികളുടെ വിതരണത്തിൽ ജില്ലകൾക്കിടയിൽ അസമത്വമുണ്ടായെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഭൂമി ഏറ്റെടുക്കലിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഭൂമിക്ക് അഞ്ചിരട്ടി വരെ തുക നൽകിയെന്നും കണ്ണൂരിൽ ആയിരം ഏക്കർ ഭൂമി ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു. പരസ്യത്തിനായി 203.72 കോടി രൂപ ചെലവഴിച്ചതായും ധനവകുപ്പിനെ അറിയിക്കാതെയാണ് പല നടപടികളും സ്വീകരിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സർക്കാരിന്റെ അനുമതിയില്ലാതെ 498 ജീവനക്കാരെ നിയമിച്ചെന്നും 40 തസ്തികകൾക്കു മാത്രമാണ് സർക്കാർ അംഗീകാരം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കുമെന്നും റിപ്പോർട്ട് മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, കിഫ്ബി വഴി ആരംഭിച്ച പദ്ധതികൾ ഉപേക്ഷിക്കില്ലെന്നും അവ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങൾ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള സഹായത്തിന് കുടുംബത്തിന്റെ വാർഷിക വരുമാനപരിധി രണ്ട് ലക്ഷത്തിൽനിന്ന് മൂന്ന് ലക്ഷം രൂപയായി ഉയർത്തി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ജില്ലാ കളക്ടർമാർക്ക് ഒരു കോടി രൂപയുടെ പ്രത്യേക ഫണ്ടും അനുവദിച്ചു.
56 അതിവേഗ കോടതികളുടെ കാലാവധി നീട്ടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന ഡാറ്റാ പോളിസിയുടെ കരടിന് അംഗീകാരം നൽകി. റവന്യൂ വകുപ്പിനായി 152 പുതിയ വാഹനങ്ങൾ വാങ്ങുന്നതിനും തുക അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.



