ബ്ലൂ ടൈഗേഴ്സ് യുകെയുടെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍ ചുമതലയേറ്റു

ഗോള ക്രിക്കറ്റിങ് ബ്രാന്‍ഡായ ബ്ലൂ ടൈഗേഴ്സ് യുകെയുടെ സഹ ഉടമയായി ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരമായ വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ ചുമതലയേറ്റു. ബ്ലൂ ടൈഗേഴ്സ് യുകെയുടെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ സവിശേഷ കൂട്ടുകെട്ട് വിലയിരുത്തപ്പെടുന്നത്. ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന ഒരു ക്രിക്കറ്റ് ബ്രാന്‍ഡ് കെട്ടിപ്പടുക്കുന്നതിനൊപ്പം വളര്‍ന്നുവരുന്ന യുവ പ്രതിഭകള്‍ക്ക് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിനും ഈ പങ്കാളിത്തം കരുത്തേകും.

കേരള ക്രിക്കറ്റ് ലീഗിന്റെ ഈ സീസണ്‍ മുതല്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ പിന്തുണയ്ക്കുന്നതിലും ശാക്തീകരിക്കുന്നതിലും ക്രിസ് ഗെയ്ല്‍ നിര്‍ണായക പങ്ക് വഹിക്കും. കേരളത്തില്‍ നിന്നുള്ള മികച്ച ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുന്നതിലും അവരെ വളര്‍ത്തിയെടുക്കുന്നതിലും ക്രിസ് ഗെയ്ല്‍ സജീവമായി ഇടപെടും.ക്രിസ് ഗെയ്‌ലിനെ ബ്ലൂ ടൈഗേഴ്‌സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാന്‍ സാധിച്ചത് വലിയ അംഗീകാരമാണെന്ന് ബ്ലൂ ടൈഗേഴ്‌സ് മാനേജിങ് ഡയറക്ടര്‍ സുഭാഷ് ജോര്‍ജ് മാനുവല്‍ പ്രതികരിച്ചു. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ആഗോള തലത്തിലുള്ള സ്വീകാര്യതയും ക്രിക്കറ്റിനോടുള്ള അഭിനിവേശവും തങ്ങളുടെ പ്രയാണത്തിന് വലിയ മുതല്‍ക്കൂട്ടാകും.

ഈ കൂട്ടുകെട്ടിലൂടെ ബ്ലൂ ടൈഗേഴ്സ് ബ്രാന്‍ഡിനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ നിന്നുള്ള യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടാനും, മികച്ച പരിശീലനത്തിലൂടെ പ്രൊഫഷണല്‍ ക്രിക്കറ്റിന്റെ ഉന്നത തലങ്ങളിലേക്ക് മുന്നേറാനും ഇതൊരു സുവര്‍ണ്ണാവസരമാകുമെന്നും സുഭാഷ് ജോര്‍ജ് മാനുവല്‍ വ്യക്തമാക്കി. ബ്ലൂ ടൈഗേഴ്‌സ് ബ്രാന്‍ഡിന്റെ ചരിത്രത്തിലെ നിര്‍ണായക നിമിഷമാണിതെന്ന് സഹ ഉടമ ശിവപ്രസാദ് എം പറഞ്ഞു. ക്രിസ് ഗെയ്‌ലിന്റെ സാന്നിധ്യം തങ്ങളുടെ ആഗോള സ്വാധീനം വര്‍ധിപ്പിക്കുമെന്നും ബ്രാന്‍ഡിന്റെ വളര്‍ച്ചയ്ക്ക് വേഗത കൂട്ടാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *