‘നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യങ്ങൾ’; മലപ്പുറത്ത് ഫ്ലെക്സ് ബോർഡ്‌ സ്ഥാപിച്ചു

മലപ്പുറം: കോൺ​ഗ്രസ് നേതാവ് വി.ഡി സതീശന് അഭിവാദ്യവുമായി മലപ്പുറത്ത് ഫ്ലെക്സ് ബോർഡ്‌ ഉയർന്നു. “നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് “അഭിവാദ്യങ്ങൾ എന്നെഴുതിയ ഫ്ലെക്സ് ബോർഡാണ് സ്ഥാപിച്ചത്. കാലടി പഞ്ചായത്തിലെ പാറപ്പുറത്താണ് ഫ്ലെക്സ് ബോർഡ്‌ സ്ഥാപിച്ചത്. കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ച തുടരുന്നതിനിടെയാണ് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പി.വി അൻവറിന് ആശംസകൾ നേർന്നുകൊണ്ടുള്ള ഫ്ലെക്സ് ബോർഡ് ബേപ്പൂരിലും ഉയർന്നിരുന്നു.

അതിനിടെ, ജനനായകൻ വീഡിയോക്ക് പിന്നാലെ പോഡ് കാസ്റ്റുമായി രമേശ് ചെന്നിത്തല രം​ഗത്തെത്തി. കേരള യാത്ര എന്ന പേരിലാണ് പോഡ് കാസ്റ്റ് തുടങ്ങിയത്. കേരള വികസനത്തിനുള്ള ചർച്ച തുടങ്ങാം എന്നും അനാവശ്യ ചർച്ചകൾ ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ് യു കാലം മുതലുളള ജീവിതമാണ് പ്രമേയം. എഐ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് ഇം​ഗ്ലീഷ്, ഹിന്ദി പ്രസംഗ ശകലങ്ങളും, ആഭ്യന്തരമന്ത്രിയായിരിക്കെ നടപ്പാക്കിയ പദ്ധതികളുമാണ് ഹൈലൈറ്റ്സ്. വീഡിയോ മാത്രമല്ല, ഒസിയുടെ ദൗത്യം പൂർത്തിയാക്കാൻ ആർസി, കേരളത്തെ ആർസി നയിക്കട്ടെ അങ്ങനെ നായകൻ ചെന്നിത്തല ടാഗിൽ കാർഡുകളുടെ കുത്തൊഴുക്ക് ആണ്. കെസി- വിഡി പോരായി ചുരുങ്ങുന്നത് കണ്ടാണ് കാഴ്ചക്കാരുടെ റോൾ വിട്ട് ആർസി ടീം കളത്തിലേക്ക് ഇറങ്ങിയത്.

അതേസമയം, മത്സരിച്ചില്ലെങ്കിലും നമ്പർ വൺ കസേരക്കുള്ള കിടമത്സരത്തിൽ സജീവമായുള്ള കെ.സി വേണുഗോപാലിനെ കുറിച്ചുള്ള ഡോക്യുമെന്ററി ഷൂട്ട് അന്തിമഘട്ടത്തിലാണ്. ദേശീയ അവാർഡ് ജേതാവ് വിനോദ് മങ്കര ഒരുക്കുന്ന ഡോക്യുമെൻ്ററിയുടെ ഷൂട്ട് ആലപ്പുഴയിൽ പുരോഗമിക്കുകയാണ്. കെസിയുടെ ജീവചരിത്രവും അണിയറയിലുണ്ട്. ലോകപുസ്തകദിനത്തിൽ വായനക്കാർക്കായി കെസി പങ്ക് വെക്കുന്നത് തെരഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്തക രൂപമാണ്. ട്രക്കിംഗും വനവാസം റിസോർട്ടിന്റെ ഉദ്ഘാടനവും ഒക്കെ കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന വി. ഡി സതീശൻറെ പുസ്തകവും ഉടനെത്തും. ക്രിസ്ത്യൻ വിശ്വാസികളുടെ പരിപാടികളിലെ പ്രധാന പ്രസംഗങ്ങൾ ചേർത്തുള്ള പുസ്തകത്തിൻ്റെ പേര് ആദം നീ എവിടെയാകുന്നു എന്നാണ്. മുഖ്യമന്ത്രി പദത്തിനായി പോരടിക്കുന്ന കോൺഗ്രസ് നേതാക്കളുടെ പ്രതിച്ഛായ കൂട്ടാൻ വീഡിയോകളും ഡോക്യുമെൻ്ററിയും പുസ്തകങ്ങളുമെല്ലാം സജീവമായിരിക്കുകയാണ്. വിവിധ രൂപത്തിലുള്ള വാഴ്ത്തുപാട്ടുകളും പോസ്റ്ററുകളും ആവേശത്തോടെയാണ് അണികൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *