ദുബായ്: ദുബായിലെ സാലിക് ടോൾ ഗേറ്റ് നിരക്കുകൾക്കും ടാഗ് ആക്ടിവേഷൻ ഫീസിനും മേൽ 5 ശതമാനം മൂല്യവർദ്ധിത നികുതി ഏർപ്പെടുത്താൻ കമ്പനി തീരുമാനിച്ചു. മെയ് 22 വെള്ളിയാഴ്ചയാണ് സാലിക് ഓപ്പറേറ്റർമാർ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. സാലിക് ടോൾ ഗേറ്റ് ഉപയോഗിക്കുന്ന വാഹന ഉടമകൾക്ക് ഇനി യാത്രാച്ചെലവേറും. 2026 ജൂൺ ഒന്ന് മുതൽ പുതിയ നികുതി നിരക്കുകൾ പ്രാബല്യത്തിൽ വരും. നിലവിലുള്ള അടിസ്ഥാന ടോൾ നിരക്കുകളിൽ മാറ്റമില്ലെങ്കിലും 5 ശതമാനം വാറ്റ് അധികമായി നൽകേണ്ടി വരും. ദുബായിലെ 10 ടോൾ ഗേറ്റുകൾക്കും ഈ നികുതി ബാധകമായിരിക്കും.
രാവിലെ 6 മണി മുതൽ 10 മണി വരെയും വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെയും നികുതിക്ക് മുൻപ് 6 ദിർഹവും നികുതിക്ക് ശേഷം 6.30 ദിർഹവുമാണ് നിരക്ക്. തിരക്ക് കുറഞ്ഞ സമയങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയും രാത്രി 8 മണി മുതൽ പുലർച്ചെ 1 മണി വരെയും നികുതിക്ക് മുൻപ് 4 ദിർഹവും നികുതിക്ക് ശേഷം 4.20 ദിർഹവുമാണ് നിരക്ക്.
