മസ്കറ്റ്: ഒമാനിലെ ഊർജ്ജ-, ഖനന മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കി തൊഴിൽ മന്ത്രാലയം. ജൂൺ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇളവ് അനുവദിച്ചിരുന്ന സമയപരിധി അവസാനിച്ച സാഹചര്യത്തിൽ, നിശ്ചിത തീയതിക്ക് മുൻപായി എല്ലാ സ്ഥാപനങ്ങളും ജീവനക്കാരും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ലൈസൻസ് കൈപ്പറ്റണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി. നിശ്ചിത സമയത്തിനകം രജിസ്റ്റർ ചെയ്യാതിരിക്കുകയോ ലൈസൻസ് നടപടികൾ പൂർത്തിയാക്കാതിരിക്കുകയോ ചെയ്താൽ നിലവിലുള്ള തൊഴിൽ നിയമങ്ങൾ അനുസരിച്ച് കമ്പനികൾക്കും തൊഴിലാളികൾക്കും വൻ തുക സാമ്പത്തിക പിഴ ഈടാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനും പ്രധാന വ്യവസായ മേഖലകളിലെ പ്രൊഫഷണൽ നിലവാരം ഉയർത്തുന്നതിനുമായി ‘ഒമാൻ എനർജി അസോസിയേഷനുമായി’ ചേർന്നാണ് മന്ത്രാലയം ഈ പുതിയ നീക്കം നടപ്പിലാക്കുന്നത്. ഈ പുതിയ നിയമപ്രകാരം നിർദ്ദിഷ്ട തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് സാധുവായ പ്രൊഫഷണൽ ലൈസൻസ് ഇല്ലെങ്കിൽ അവരുടെ വർക്ക് പെർമിറ്റുകൾ പുതുക്കി നൽകില്ല. കൂടാതെ, പുതുതായി ഒമാനിലേക്ക് വരാനിരിക്കുന്ന വിദേശ തൊഴിലാളികൾക്ക് ലൈസൻസിംഗിന്റെ മുൻകൂർ അനുമതിയില്ലാതെ പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
