കർണാടകയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി MLA മാർക്കിടയിൽ അസംതൃപ്തി

ബെംഗളൂരു: കർണാടകയിൽ പുതിയ മന്ത്രിസഭ രൂപീകരിച്ചതിന് പിന്നാലെ വകുപ്പ് വിഭജനത്തെച്ചൊല്ലി എം.എൽ.എമാർക്കിടയിൽ അസംതൃപ്തി. തർക്കങ്ങളെത്തുടർന്ന്, വകുപ്പ് വിഭജനം പൂർത്തിയായി ദിവസങ്ങൾ പിന്നിട്ടിട്ടും കൃഷ്ണ ബൈരെ ഗൗഡ ബെംഗളൂരു നഗരവികസന വകുപ്പിന്റെ ചുമതലയേറ്റിട്ടില്ല. ബെംഗളൂരു നഗരവികസന വകുപ്പ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച മുതിർന്ന നേതാവ് രാമലിംഗ റെഡ്ഡിയെ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ അനുനയിപ്പിച്ചതിന് പിന്നാലെയാണ് പുതിയ രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.

ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (ബി.ഡി.എ), ബെംഗളൂരു മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി (ബി.എം.ആർ.ഡി.എ), ബെംഗളൂരു മെട്രോ എന്നിവയെ വകുപ്പിൽ നിന്ന് ഒഴിവാക്കിയതാണ് കൃഷ്ണ ബൈരെ ഗൗഡയെ ചൊടിപ്പിച്ചത്. വെറും അഞ്ച് നഗരസഭകൾ മാത്രം കൈകാര്യം ചെയ്യുന്ന ഒരു വകുപ്പ് തനിക്ക് വേണ്ടെന്ന നിലപാടിലാണ് അദ്ദേഹം. ഇക്കാര്യത്തിൽ വ്യക്തത തേടി അദ്ദേഹം മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി.ബി.ഡി.എ, ബി.എം.ആർ.ഡി.എ, നമ്മ മെട്രോ എന്നിവയെ നഗരവികസന വകുപ്പിന് കീഴിൽ നിലനിർത്തണമെന്നും വകുപ്പിന്റെ ഘടനയിൽ വ്യക്തത വരുത്തണമെന്നുമാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം ആവശ്യപ്പെട്ടത്. വിഷയത്തിൽ അന്തിമ തീരുമാനമുണ്ടായാൽ മാത്രമേ താൻ ചുമതലയേൽക്കൂ എന്നും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം.

ബെംഗളൂരു വികസന വകുപ്പിന്റെ അധികാരപരിധി സംബന്ധിച്ച അതൃപ്തി കൃഷ്ണ ബൈരെ ഗൗഡ കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിച്ചതായാണ് സൂചന. വിഭജിച്ച നഗരവികസന വകുപ്പ് തനിക്ക് ആവശ്യമില്ലെന്നും മുൻപുണ്ടായിരുന്നതുപോലെ പൂർണമായ അധികാരങ്ങളോടെ വകുപ്പ് നൽകണമെന്നുമാണ് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഇതിന് സാധിക്കില്ലെങ്കിൽ റവന്യൂവകുപ്പ് നൽകണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചേക്കും. പ്രശ്നം പരിഹരിക്കുന്നതിനായി എം.എൽ.എ റിസ്‌വാൻ അർഷാദിനൊപ്പം അദ്ദേഹം ന്യൂഡൽഹിയിലേക്ക് തിരിച്ചു. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

ബെംഗളൂരു നഗരത്തിലെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ആസൂത്രണവും നടത്തിപ്പും കൈകാര്യം ചെയ്യുന്നത് നഗരവികസന വകുപ്പാണ്. സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള വകുപ്പുകളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. അത്തരമൊരു സുപ്രധാന വകുപ്പിന്റെ അധികാരം വെട്ടിക്കുറച്ചതാണ് ഇപ്പോഴത്തെ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. നേരത്തെ മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡിയും ഇതേ വകുപ്പിനായി അവകാശവാദമുന്നയിച്ച് രംഗത്തെത്തിയിരുന്നു. തനിക്ക് ജലസേചന വകുപ്പ് നൽകിയതിൽ പ്രതിഷേധിച്ച് അദ്ദേഹം രാജി സമർപ്പിച്ചെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് അത് പിൻവലിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *