മാലിന്യസംസ്‌കരണ മേഖലയിലേക്ക് 700 കോടിയിലധികം റിയാലിന്റെ വിദേശനിക്ഷേപം

ദമ്മാം: സൗദിയുടെ കിഴക്കൻ പ്രവിശ്യയെ ഒരു സുസ്ഥിര ഹരിത നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള തന്ത്രപ്രധാനമായ പദ്ധതികൾക്ക് നഗരസഭയുടെ നേതൃത്വത്തിൽ തുടക്കമായി. മാലിന്യ സംസ്‌കരണ മേഖലയെ കൂടുതൽ ആധുനികവൽകരിക്കാനും പരിസ്ഥിതി സൗഹൃദമാക്കാനുമായി 700 കോടിയിലധികം റിയാലിന്റെ വൻകിട വിദേശ നിക്ഷേപങ്ങളാണ് പ്രവിശ്യയിലേക്ക് ഒഴുകിയെത്തുന്നത്. കിഴക്കൻ പ്രവിശ്യയിലെ വിവിധ നഗരങ്ങളെയും ഗവർണറേറ്റുകളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ വൻകിട പദ്ധതികൾ നടപ്പിലാക്കുന്നത്. മാലിന്യങ്ങളെ കേവലം ഉപേക്ഷിക്കപ്പെടേണ്ട വസ്തുക്കളായല്ല, മറിച്ച് സാമ്പത്തിക മൂല്യമുള്ള പുനരുപയോഗ വിഭവങ്ങളായി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള സർക്കുലർ ഇക്കോണമി തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുന്നത്. നാഷണൽ സെന്റർ ഫോർ വേസ്റ്റ് മാനേജ്മെന്റ്, പ്രമുഖ ദേശീയ റീസൈക്ലിംഗ് കമ്പനികൾ എന്നിവരുമായി സഹകരിച്ചാണ് ഈ നിക്ഷേപങ്ങൾ നഗരസഭ ആകർഷിച്ചതെന്ന് ഒഔദ്യോഗിക വക്താവ് ഫൈസൽ അൽ സഹ്റാനി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *