കെഎസ്ആർടിസിയിൽ സത്രീകൾക്ക് സൗജന്യ യാത്ര; വരുമാന നഷ്ടത്തിന്റെ റിപ്പോർട്ട്‌ സര്‍ക്കാരിന് കൈമാറി

തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുമ്പോഴുള്ള വരുമാന നഷ്ടം എത്രയെന്ന റിപ്പോർട്ട്‌ സര്‍ക്കാരിന് കൈമാറി. ഓർഡിനറി ബസിൽ മാത്രം സൗജന്യം അനുവദിച്ചാൽ പ്രതിമാസം 57 കോടിയുടെ നഷ്ടം ഉണ്ടാകും. സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ നടപ്പാക്കിയാൽ 65 കോടിയും ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ നടപ്പാക്കിയാൽ 90 കോടിയും നശ്ടമുണ്ടാകും. മുഴുവൻ ബസുകളിലും സൗജന്യയാത്ര അനുവദിച്ചാൽ പ്രതിമാസ നഷ്ടം 112 കോടിയാകും. 3 മാസത്തേക്കുള്ള കണക്കാണ് നൽകിയത്. ഗതാഗത സെക്രട്ടറിക്കാണ് റിപ്പോർട്ട്‌ നൽകിയത്.

പ്രതിദിനം പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീയാത്രക്കാർ കെഎസ്ആർടിസി ബസുകളിൽ സഞ്ചരിക്കുന്നുവെന്നാണ് ഏകദേശ കണക്ക്. പദ്ധതി നടപ്പാക്കിയ കർണാടകയിൽ എസി, സ്ലീപ്പർ ബസുകളിൽ സൗജന്യമില്ല. തമിഴ്നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് ആനുകൂല്യമുള്ളത്. കെഎസ്ആർടിസിയിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പദ്ധതി നടപ്പാക്കുന്നതിൽ ഗതാഗതമന്ത്രി സി.പി.ജോൺ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഏതൊക്കെ ബസിൽ, എത്ര ദൂരം വരെ എന്നൊന്നും തീരുമാനമായിട്ടില്ല.

ജില്ലകൾക്ക് പുറത്തേക്ക് സൗജന്യയാത്രയുണ്ടോ?, എല്ലാ പ്രായക്കാർക്കും ആനുകൂല്യമുണ്ടോ എന്നെല്ലാം അറിയാനുണ്ട്. സാമ്പത്തിക ബാധ്യത കൂടി പരിഗണിച്ചാകും തീരുമാനം. പ്രതിദിന സ്ത്രീ യാത്രക്കാരുടെ എണ്ണം കണക്കാക്കാൻ കെഎസ്ആർടിസി ജെൻഡർ ടിക്കറ്റിങ് തുടങ്ങിയിരുന്നു. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലായിരിക്കും ആനുകൂല്യം. ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ നിശ്ചിത ദൂരപരിധിയിൽ സൗജന്യയാത്ര അനുവദിക്കാനും ആലോചനയുണ്ട്. പ്രത്യേക കാർഡില്ലാതെ, പ്രായപരിധിയില്ലാതെ എല്ലാ സ്ത്രീകൾക്കും യാത്ര സൗജന്യമാക്കിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *