പ്രതിമാസം സ്‌റ്റൈപ്പെൻഡ് ആയി 1.5 ലക്ഷം രൂപ നേടാം; ആർ.ബി.ഐ.യിൽ യങ് പ്രൊഫഷണൽസ് ആവാൻ അവസരം

ഇക്കണോമിക്‌സ്, ഫിനാൻസ്, സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മുൻനിര വിജ്ഞാന-നൈപുണി മേഖലകളിൽ വൈദഗ്ധ്യമുള്ളവർക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈയിലെ സെൻട്രൽ ഓഫീസ് ഡിപ്പാർട്ട്‌മെന്റുകളിൽ യങ് പ്രൊഫഷണൽസ് ആകാം. സ്‌റ്റൈപ്പെൻഡ് പ്രതിമാസം 1.5 ലക്ഷം രൂപ ആണ്. മികച്ച കരിയറും രാജ്യത്തിന്റെ സാമ്പത്തിക നയരൂപവത്കരണങ്ങളിൽ പങ്കാളികളാകാനുള്ള അവസരവുമാണ് ഇതിലൂടെ ലഭിക്കുന്നത്. ഉയർന്ന ശമ്പളത്തോടൊപ്പം ആഗോള നിലവാരമുള്ള പ്രവൃത്തിപരിചയം നേടാം. മൂന്നുവർഷത്തേക്കാണ് നിയമനമെങ്കിലും പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ ഇത് അഞ്ചുവർഷംവരെ നീട്ടാം. 2026 ജൂലായ് ആറ് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. അപേക്ഷകർ 21-30 പ്രായപരിധിയിലായിരിക്കണം.

തിരഞ്ഞെടുപ്പ് പരീക്ഷകൾ ഉണ്ടായിരിക്കില്ല. അക്കാദമിക് യോഗ്യത, മുൻപരിചയം, സ്റ്റേറ്റ്മെന്റ് ഓഫ് ഇന്ററസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യും. തുടർന്ന് സർട്ടിഫിക്കറ്റ് പരിശോധനയും വ്യക്തിഗത അഭിമുഖവും നടത്തിയാകും അന്തിമ തിരഞ്ഞെടുപ്പ്. opportunities.rbi.org.in/Scripts/Vacancies.aspx -ലെ വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം yphrmdco@rbi.org.in ലേക്കാണ് അപേക്ഷിക്കേണ്ടത്. സബ്ജക്ട് ലൈനിൽ ‘YP Application – Post Code – Name of theCandidate’ എന്ന് രേഖപ്പെടുത്തണം. ഒന്നിലധികം തസ്തികകളിലേക്ക് അർഹതയുള്ളവർ ഓരോ തസ്തികയ്ക്കും വെവ്വേറെ അപേക്ഷിക്കണം.

Leave a Reply

Your email address will not be published. Required fields are marked *