ഇനി ഗോകുലം കേരള എഫ്‌സിക്ക് ബ്രസീലിയൻ പരിശീലകൻ

2026–27 ഇന്ത്യൻ ഫുട്ബോൾ ലീഗ് സീസണിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബ്രസീലിയൻ പരിശീലകനായ കാർലോസ് എഡ്വാർഡോ പരെയ്‌രയെ സീനിയർ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ച് ഗോകുലം കേരള എഫ് സി. ബ്രസീലിൽ നിന്നുള്ള പരെയ്‌ര എ എഫ് സി പ്രൊ ലൈസൻസ് നേടിയ പരിശീലകനാണ്. ബ്രസീൽ, ഇന്തോനേഷ്യ, സൗദി അറേബ്യ, തായ്‌ലൻഡ്, അമേരിക്ക എന്നിവിടങ്ങളിലായി ശ്രദ്ധേയമായ പരിശീലന പരിചയം നേടിയ അദ്ദേഹം ബ്രസീൽ ദേശീയ ടീമിന്റെ അണ്ടർ-15, അണ്ടർ-17 ടീമുകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഇന്തോനേഷ്യൻ ക്ലബ്ബായ മദുറ യുണൈറ്റഡിൽ നിന്നാണ് പരെയ്‌ര ഗോകുലം കേരള എഫ്‌സിയിലേക്ക് എത്തുന്നത്. അതിന് മുമ്പ് ബ്രസീലിലെ ക്ലൂബെ സൊസിയദാഡെ എസ്പോർട്ടിവ ടീമിനെ പരിശീലിപ്പിച്ച അദ്ദേഹം, 2025 അലഗോവാസ് കപ്പിലേക്കും ടീമിനെ എത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ പരിശീലന ജീവിതത്തിൽ അൽ-ഖൈസുമ എഫ്‌സി (സൗദി അറേബ്യ), ചിയാങ്മൈ എഫ്‌സി (തായ്‌ലൻഡ്), ലാസ് വെഗാസ് യുണൈറ്റഡ് എഫ്‌സി (അമേരിക്ക) എന്നീ ക്ലബ്ബുകളിലെ സേവനവും ഉൾപ്പെടുന്നു. കൂടാതെ 2009 ഫിഫ കോൺഫെഡറേഷൻസ് കപ്പിലും 2010 ഫിഫ ലോകകപ്പിലും ദക്ഷിണാഫ്രിക്ക ദേശീയ ടീമിന്റെ അസിസ്റ്റന്റ് കോച്ചായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

തന്ത്രപരമായ കളിമികവ്, ശക്തമായ നേതൃത്വം, യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലെ പ്രതിബദ്ധത എന്നിവയാണ് പരെയ്‌റയുടെ പരിശീലന ജീവിതത്തിന്റെ പ്രധാന സവിശേഷതകൾ. ബ്രസീലിന്റെ അണ്ടർ-15, അണ്ടർ-17 ദേശീയ ടീമുകളിലെ പ്രവർത്തനത്തിലൂടെ നിരവധി യുവതാരങ്ങളുടെ വളർച്ചയിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പുതിയ സീസണിലേക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ, ഇന്ത്യൻ ഫുട്ബോൾ ലീഗ് കിരീടം സ്വന്തമാക്കുക എന്നതാണ് ഗോകുലം കേരള എഫ്‌സിയുടെ പ്രധാന ലക്ഷ്യം. പരെയ്‌ര യുടെ അന്താരാഷ്ട്ര പരിശീലന പരിചയവും ക്ലബ്ബിന്റെ ഈ ലക്ഷ്യവുമായി പൂർണമായും യോജിക്കുന്നതാണെന്നാണ് ക്ലബ്ബിന്റെ വിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *