ബംഗ്ലാദേശ് ഏകദിന ടീമിൻ്റെ പുതിയ ക്യാപ്റ്റനായി ലിട്ടണ്‍ ദാസ്

ബംഗ്ലാദേശ് പുരുഷ ഏകദിന ക്രീക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലിട്ടണ്‍ ദാസിനെ നിയമിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആണ് ലിട്ടണ്‍ ദാസിനെ നിയമിച്ചത്. ദേശീയ ടീമിനെ നയിക്കുന്നതില്‍ മുന്‍പും പരിചയസമ്പത്തുള്ള ലിട്ടണ്‍ ദാസ്, ടീമിന്റെ ഭാവി മുന്നില്‍ കണ്ടുള്ള ബിസിബിയുടെ പുതിയ പദ്ധതികളുടെ ഭാഗമായാണ് ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത്. മുന്‍ നായകന്‍ മെഹ്ദി ഹസന്‍ മിറാസ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് ഒഴിവുവന്ന ക്യാപ്റ്റന്‍ സ്ഥാനത്തേക്കാണ് ഈ 31-കാരന്റെ നിയമനം.

ബാറ്റര്‍ എന്ന നിലയിലും വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും ബംഗ്ലാദേശ് ടീമിലെ നിര്‍ണായക സാന്നിധ്യമായ ലിട്ടണ്‍, തനിക്ക് ലഭിച്ച വലിയ ഉത്തരവാദിത്തത്തെ ഏറെ സന്തോഷത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കി. വരാനിരിക്കുന്ന ഏകദിന പരമ്പരകളിലും പ്രധാന ഐസിസി ടൂര്‍ണമെന്റുകളിലും ടീമിനെ മികച്ച രീതിയില്‍ മുന്നോട്ട് നയിക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഷാക്കിബ് അല്‍ ഹസന്റെ അഭാവത്തിലും മറ്റും ചില മത്സരങ്ങളില്‍ ലിട്ടണ്‍ ദാസ് ബംഗ്ലാദേശിനെ നയിച്ചിട്ടുണ്ട്. അനുഭവസമ്പന്നരായ മുതിര്‍ന്ന താരങ്ങളുടെയും കഴിവറ്റ യുവതാരങ്ങളുടെയും കൃത്യമായ മിശ്രണത്തിലൂടെ മികച്ചൊരു ഏകദിന നിരയെ വാര്‍ത്തെടുക്കാനാണ് ബിസിബി ലക്ഷ്യമിടുന്നത്.

ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര പ്രധാന നോട്ടമാണ്. അടുത്തവര്‍ഷത്തെ ലോകകപ്പില്‍ മികച്ച നേട്ടം കൊയ്യാനും ബംഗ്ലാദേശ് ശ്രമിക്കുന്നു. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് ലിട്ടണ്‍ ദാസിന്റെ നിയമനമെന്ന പ്രത്യേകതയുമുണ്ട്. ഏകദിന ക്രിക്കറ്റില്‍ 104 മത്സരങ്ങള്‍ കളിച്ച ലിട്ടണ്‍ ദാസ്, 2869 റണ്‍സ് നേടിയിട്ടുണ്ട്. 176 റണ്‍സാണ് ഹൈ സ്‌കോര്‍. അഞ്ച് സെഞ്ചുറിയും 14 ഫിഫ്റ്റിയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *