റിയാദ്: അടുത്ത വർഷത്തെ ഹജ്ജിന് കേരളത്തിൽനിന്ന് പതിനൊന്നായിരത്തിലേറെ പേർക്ക് അവസരം ലഭിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റി നടത്തിയ ഓൺലൈൻ നറുക്കെടുപ്പിലാണ് തീർഥാടകരെ തിരഞ്ഞെടുത്തത്. ഇന്ത്യയിൽ നിന്ന് രണ്ട് ലക്ഷത്തി ഇരുപതിനായിരം പേർക്കാണ് അവസരം. മുംബൈയിലുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിലായിരുന്നു ഇലക്ട്രോണിക് നറുക്കെടുപ്പ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 120875 പേർക്കാണ് അവസരം ലഭിച്ചത്. ഇതിൽ കേരളത്തിൽ നിന്നുള്ള 11148 പേരാണുള്ളത്.
24,230 പേരാണ് സംസ്ഥാനത്ത് നിന്ന് ആകെ അപേക്ഷിച്ചത്. ഇതിൽ 3234 പേർ 65 വയസ്സ് വിഭാഗത്തിലും, 838 പേർ 65 വയസ്സിന് മുകളിലുള്ള വിത്തൗട്ട് മഹ്റം വിഭാഗത്തിൽപ്പെട്ടവരെയും നേരിട്ട് തിരഞ്ഞെടുത്തു. 2932 പേരാണ് വിത്തൗട്ട് മഹ്റം വിഭാഗത്തിൽ അപേക്ഷിച്ചത്. 1171 പേർ കഴിഞ്ഞവർഷത്തെ കാത്തിരിപ്പ് പട്ടികയിൽ ഉള്ളവർക്കും ഇത്തവണ നേരിട്ട് അവസരം ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുത്തവരുടെ പൂർണവിവരം ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് വഴി പ്രസിദ്ധീകരിച്ചു.
