ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തി പ്രമുഖ നടൻ പ്രകാശ് രാജ്. ഞായറാഴ്ച വൈകുന്നേരം സി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കുചേർന്ന അദ്ദേഹം, രാത്രി മുഴുവൻ പ്രതിഷേധക്കാർക്കൊപ്പം ജന്തർ മന്ദറിൽ ചെലവഴിച്ചു.
സത്യം പറയുന്നതിനെ ഭയക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. കള്ളം പറയാനാണ് ഭയപ്പെടേണ്ടത്. ഭഗത് സിങ്, മഹാത്മാഗാന്ധി, നെൽസൺ മണ്ടേല, ബി.ആർ. അംബേദ്കർ തുടങ്ങിയ മഹാൻമാർ സത്യത്തിനൊപ്പം നിൽക്കാനാണ് പഠിപ്പിച്ചത്. സത്യം പറയുന്നതിൽ താൻ ഭയപ്പെടുന്നില്ലെന്നും സ്വന്തം മനഃസാക്ഷിയുടെ വിളികേട്ടാണ് സമരത്തിൽ പങ്കുചേർന്നതെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
മുൻഗാമികളുടെ വലിയ ത്യാഗങ്ങളുമായി താരതമ്യംചെയ്യുമ്പോൾ താൻ നേരിടുന്ന ചെറിയ പ്രയാസങ്ങൾ ഒന്നുമല്ലെന്നും യഥാർഥ മരണം സംഭവിക്കുന്നതിന് മുൻപ് ഭീരുവിനെപ്പോലെ മരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് ജൂൺ ആറ് മുതൽ സിജെപി സമരം തുടരുന്നത്. ജൂൺ 28 മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിന് പിന്തുണ പ്രഖ്യാപിച്ചാണ് സി.ജെ.പി പ്രതിഷേധം ശക്തമാക്കിയത്. പ്രകാശ് രാജിനൊപ്പം പ്രമുഖ നടി ഷബാന ആസ്മിയും പ്രതിഷേധത്തിൽ പങ്കുചേരാൻ ജന്തർ മന്ദറിൽ എത്തിയിരുന്നു.
