ചെന്താമരയെ മാറ്റുന്നത് വിയ്യൂരിലേക്ക്: ഇന്ന് കൊണ്ടുപോകും

പാലക്കാട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റും. മറ്റ് രണ്ട് പേര്‍ കൂടി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് വിയ്യൂരിലെ അതി സുരക്ഷാ ജയിലില്‍ കഴിയുന്നുണ്ട്. 37 തടവുകാരാണ് സംസ്ഥാനത്ത് വിവിധ ജയിലുകളിലായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നത്. പൂജപ്പുര സെൻട്രൽ‌ ജയിലിൽ 24 പേരും വിയ്യൂർ ജയിലിൽ 4 പേരും, കണ്ണൂരിൽ മൂന്നും, തവനൂർ ജയിലിൽ ഒരാളും വിയ്യൂർ സുരക്ഷ ജയിലിൽ 2 പേരും തിരുവനന്തപുരം വനിത ജയിലിൽ 3 പേരുമാണ് വധശിക്ഷ കാത്തുകഴിയുന്നത്.

കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്താമരയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. പാലക്കാട് അഡിഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. പ്രതി 20 ലക്ഷം രൂപ സുധാകരന്റെ മക്കൾക്ക് നഷ്ടപരിഹാരം നൽകണം. പിഴയടച്ചില്ലെങ്കിൽ മൂന്നുവർഷം തടവ് അനുഭവിക്കണം. ചെന്താമര വീണ്ടും കുറ്റകൃത്യം ചെയ്യാൻ സാധ്യതയുണ്ടെന്നും, പ്രതിക്ക് കുറ്റബോധം ഇല്ലെന്നും, മാനസിക പ്രശ്നങ്ങൾ ഇല്ലെന്നും കോടതിക്ക് ബോധ്യപ്പെട്ടു. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും കോടതി നിരീക്ഷിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നടന്ന കൊലപാതക കേസുകൾ റഫർ ചെയ്ത ശേഷമാണ് വധ ശിക്ഷ വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *