ഡൽഹി: രാജ്യതലസ്ഥാനം നേരിടുന്ന വായു മലിനീകരണത്തിന് തടയിടാൻ വമ്പൻ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ. ഡൽഹി – എൻസിആർ മേഖലയിലെ കാലപ്പഴക്കം വന്ന ട്രക്കുകളും ബസുകളും മാറ്റാൻ 5,041 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. മേഖലയിൽ ഓടുന്ന 1.9 ലക്ഷത്തിലധികം ട്രക്കുകളെയും 16,000 ബസുകളെയും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ പുതിയ പദ്ധതി അവതരിപ്പിച്ചത്. പഴയ വാഹനങ്ങളിൽനിന്ന് ബിഎസ് 6, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ വാഹന ഉടമകൾക്ക് സാമ്പത്തിക സഹായം അടക്കം നൽകുന്നതാണ് ഈ പുതിയ പദ്ധതി.
ഡൽഹിയിൽ അതിരൂക്ഷമായി തുടരുന്ന വായു മലിനീകരണത്തിന് കാലപ്പഴക്കം ചെന്ന ഡീസൽ വാഹനങ്ങൾ നിർണായക പങ്ക് വഹിക്കുന്നുവെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം. ഇതിൻ്റെ ഭാഗമായി യോഗ്യരായ വാഹന ഉടമകൾക്ക് പുതിയ വാഹനം സ്വന്തമാക്കുന്നതിനടക്കം കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം അനുവദിക്കും. ഇതിൽ അഞ്ച് വർഷത്തേക്ക് അഞ്ച് ശതമാനം പലിശ സബ്സിഡി, 4800 രൂപ വരെ പ്രതിമാസ ഫ്യുവൽ വൗച്ചർ എന്നിവ ഉൾപ്പെടുന്നു.
പദ്ധതി മുഖേന വാഹനം വാങ്ങുന്നവർക്ക് വാഹന നിർമാതാക്കൾ എക്സ് ഷോറൂം വിലയിൽനിന്ന് എട്ട് ശതമാനം കിഴിവും നൽകും. അതേസമയം, ഡൽഹി എൻസിആറിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്ത ഉടമകൾക്ക് മാത്രമാണ് പദ്ധതിക്ക് യോഗ്യരാകുക. അംഗീകൃത സ്ക്രാപ്പിങ് സ്ഥാപനങ്ങൾ മുഖേന പഴയ വാഹനങ്ങൾ നശിപ്പിച്ചാൽ മാത്രമേ ആനുകൂല്യങ്ങൾ ലഭ്യമാകുകയുള്ളു. ബിഎസ് 4 വാഹനങ്ങൾ നാഷണൽ ക്ലീൻ എയർ പ്രോഗ്രാം പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടാത്ത നഗരങ്ങളിൽ ഉള്ളവർക്ക് വിൽക്കാനും അനുമതിയുണ്ട്. പുതിയ വാഹനങ്ങൾ വാങ്ങുന്നവർക്ക് ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തർ പ്രദേശ് സർക്കാരുകൾ രജിസ്ട്രേഷൻ ഫീസിലും ടാക്സിലും ഇളവ് ചെയ്യും.
