ന്യൂ ചണ്ഡിഗഢ്: അഫ്ഗാനിസ്ഥാനെതിരെ ഏക ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം. മുല്ലാൻപൂരിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ ലഞ്ചിന് പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 96 റൺസെടുത്തിട്ടുണ്ട്. കെ എൽ രാഹുൽ (37), സായ് സുദർശൻ (32) എന്നിവരാണ് ക്രീസിൽ. യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സലീം സെയ്ഫിക്കാണ് വിക്കറ്റ്. നേരത്തെ, മാനവ് സുതറിന് അരങ്ങേറാനുള്ള അവസരം ഒരുക്കിയാണ് ഇന്ത്യ ഇറങ്ങിയത്. സുതറിനെ കൂടാതെ വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ് എന്നിവരാണ് സ്പിന്നർമാർ. പേസർമാരായി മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരും.
മോശമല്ലാത്ത തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ജയ്‌സ്വാൾ – രാഹുൽ സഖ്യം 41 റൺസ് ചേർത്തിരുന്നു. എന്നാൽ വിക്കറ്റ് കീപ്പർ അഫ്‌സർ സസായ്, ജയ്‌സ്വാളിന്റെ ക്യാച്ചെടുത്ത് പുറത്താക്കി. ഇതിനിടെ ജയ്‌സ്വാൾ നൽകിയ അവസരം അഫ്ഗാൻ വിട്ടുകളഞ്ഞിരുന്നു. എന്നാൽ അത് മുതലാക്കാൻ ജയ്‌സ്വാളിന് സാധിച്ചതുമില്ല. പിന്നീട് ക്രീസിൽ ഒത്തുചേർന്ന രാഹുൽ – സുദർശൻ സഖ്യം ഇതുവരെ 55 റൺസ് കൂട്ടിചേർത്തു. രാഹുൽ അഞ്ച് ഫോറും സായ് ആറ് ഫോറും ഇതുവരെ നേടിയിട്ടുണ്ട്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവൻ അറിയാം.
ഇന്ത്യ: കെ എൽ രാഹുൽ, യശസ്വി ജയ്സ്വാൾ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജൂറൽ, വാഷിംഗ്ടൺ സുന്ദർ, മാനവ് സുതർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.
