ഹൂസ്റ്റൺ: ലോകകപ്പിൽ കരുത്തരായ പോർച്ചുഗലിനെ 1-1 എന്ന സമനിലയിൽ തളച്ച് ആഫ്രിക്കൻ രാജ്യമായ കോംഗോ ചരിത്രം കുറിച്ചിരിക്കുകയാണ്. മത്സരത്തിൽ, ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഗോളും ആദ്യ പോയിന്റും കോംഗോ സ്വന്തമാക്കി. ആറാം മിനിറ്റിൽ ജോവോ നെവെസിലൂടെ പോർച്ചുഗൽ മുന്നിലെത്തിയപ്പോൾ ഒരു ഗോൾമഴയാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ പതറാതെ പോരാടിയ കോംഗോ ആദ്യപകുതിയുടെ അവസാന നിമിഷത്തിൽ യോവാനെ വിസ്സയിലൂടെ സമനില ഗോൾ നേടുകയായിരുന്നു. ആറാമത് ലോകകപ്പ് കളിക്കുന്ന 41-കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ 90 മിനിറ്റും കളിച്ചെങ്കിലും മത്സരത്തിൽ കാര്യമായ സ്വാധീനമുണ്ടാക്കിയില്ല. അർജന്റീനയുടെ ലയണൽ മെസ്സിക്കൊപ്പം ഏറ്റവും കൂടുതൽ ലോകകപ്പുകളിൽ പങ്കെടുത്ത താരമെന്ന റെക്കോഡ് റൊണാൾഡോ ഈ മത്സരത്തോടെ പങ്കിട്ടു. ബ്രൂണോ ഫെർണാണ്ടസ്, ബെർണാർഡോ സിൽവ, റൂബൻ ഡയസ് തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരന്ന ലോകോത്തര നിരയുണ്ടായിട്ടും കോംഗോയുടെ പ്രതിരോധത്തിന് മുന്നിൽ പോർച്ചുഗലിന് വഴങ്ങേണ്ടിവന്നു. കളിശൈലികൊണ്ട് ആരാധകരുടെ മനസ്സ് കീഴടക്കാനും കോംഗോയ്ക്കായി.
പോർച്ചുഗലിനെ തളച്ച കോംഗോ വീര്യത്തിനു പിന്നിൽ ഇന്ത്യൻ വംശജൻ
