തിരുവനന്തപുരം : കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ബിജു പ്രഭാകറിനെതിരെ ഐഎൻടിയുസി യങ് വർക്കേഴ്സ് കൗൺസിൽ പ്രമേയം. ഭരണമാറ്റം ഉണ്ടാകുമെന്ന് അറിഞ്ഞപ്പോൾ മാളത്തിൽ നിന്ന് പുറത്തുവരുന്ന വിഷ ജന്തുക്കളെ കോൺഗ്രസ് സൂക്ഷിക്കണമെന്നാണ് പ്രമേയത്തിൽ പറയുന്നത്. പദവിയിൽ ഇരുന്നപ്പോൾ ഉള്ള അഴിമതികൾ അന്വേഷിക്കുമോ എന്ന ഭയമാണ് ബിജു പ്രഭാകറിൻ്റെ കോൺഗ്രസ് പ്രേമത്തിന് പിന്നിൽ. തൊഴിലാളി വിരുദ്ധനായ മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ വരാന്തയിൽ പോലും കോൺഗ്രസ് കയറ്റരുതെന്നും പ്രമേയത്തിൽപറയുന്നു.
പത്തു വര്‍ഷം പവര്‍കട്ടില്ലായിരുന്നുവെന്ന ഇടതു സര്‍ക്കാരിന്റെ വാദം ശരിയല്ലെന്ന് പറഞ്ഞ് ബിജു പ്രഭാകർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ‘നാം നമ്മെ കൊള്ളയടിക്കുമ്പോള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ ഇടതുസര്‍ക്കാരിന്റെ കാലത്ത് ആരുമറിയാതെ വൈദ്യുതി നിയന്ത്രണം നടത്തിയിരുന്നതായി ബിജു പ്രഭാകർ പറഞ്ഞിരുന്നു. ലോഡ് ഷെഡിങ്ങിന്റെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ബിജു പ്രഭാകർ വ്യക്തമാക്കിയിരുന്നു.
