തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനൽ മഴ ഇന്നും തുടരും. ഇന്ന് കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും, നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115 .5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും വൈകുന്നേരങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അറിയിച്ചു. രാവിലെ ആലപ്പുഴ, എറണാകുളം, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നൽ സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
