ജബൽപൂർ ബോട്ട് അപകടം: പൈലറ്റിനെയും മറ്റ് ജീവനക്കാരെയും പിരിച്ചുവിട്ടു

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിലുണ്ടായ ക്രൂയിസ് ബോട്ടപകടത്തിൽ കടുത്ത നടപടിയുമായി അധികൃതർ. അപകടത്തിൽപ്പെട്ട ക്രൂയിസ് ബോട്ടിന്റെ പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി രക്ഷപ്പെട്ടവർ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയും മൂന്ന് ജീവനക്കാരെ പുറത്താക്കുകയും ചെയ്തത്. സമാന ബോട്ടുകളുടെ പ്രവർത്തനവും നിർത്തിവെപ്പിച്ചു. ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു.

ഇക്കഴിഞ്ഞ 30-ാം തീയതിയാണ് ജബൽപൂരിലെ വിനോദസഞ്ചാര കേന്ദ്രമായ ബർഗി ഡാമിൻ്റെ റിസർവോയറിൽ അപകടം നടന്നത്. മധ്യപ്രദേശ് ടൂറിസം വകുപ്പ് പ്രവർത്തനം നടത്തിയിരുന്ന ക്രൂയിസ് ബോട്ടാണ് അപകടത്തിൽപെട്ടത്. 40 ഓളം പേർ ബോട്ടിലുണ്ടായിരുന്നു എന്നാണ് രക്ഷപ്പെട്ട യാത്രക്കാർ പറയുന്നത്. സംഭവത്തിൽ ഇതുവരെ ഒൻപത് മൃതദേഹങ്ങൾ കണ്ടെടുത്തതായും 28 പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണ്. എൻഡിആർഎഫ്, എസ്ഡിആർഎഫ്, കരസേന ഉദ്യോഗസ്ഥർ തെരച്ചിലിൻ്റെ ഭാഗമാകുന്നുണ്ട്.

അതേസമയം അപകടത്തിൽ പ്രതികരണവുമായി ബോട്ടിൻ്റെ ക്യാപ്റ്റനായിരുന്ന മഹേഷ് പട്ടേൽ രം​ഗത്തെത്തി. സാധാരണ കാലാവസ്ഥയിലാണ് യാത്ര തുടങ്ങിയതെന്നും പെട്ടെന്ന് സാഹചര്യം മാറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ കാറ്റിൽ ബോട്ട് മറിയുകയായിരുന്നുവെന്നും പെട്ടെന്ന് തന്നെ വെള്ളം കയറി മുങ്ങിയെന്നും മഹേഷ് പട്ടേൽ പറഞ്ഞു. ബോട്ടിൻ്റെ താഴത്തെ നിലയിൽ നൃത്തം ചെയ്യുകയായിരുന്ന യാത്രക്കാർ ലൈഫ് ജാക്കറ്റ് ധരിക്കാൻ വിസമ്മതിച്ചുവെന്നും കാലാവസ്ഥ മോശമായതിനാൽ ലൈഫ് ജാക്കറ്റ് ധരിക്കണമെന്ന് താൻതന്നെ പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ക്രൂയിസ് ബോട്ടിൻ്റെ മുകളിലത്തെ ക്യാബിനിലായിരുന്നു മഹേഷ് പട്ടേൽ ഉണ്ടായിരുന്നത്. ബോട്ടിലെ നാലോളം കുട്ടികളെ മഹേഷ് പട്ടേൽ രക്ഷപ്പെടുത്തിയിരുന്നു. ക്രൂയിസ് ബോട്ടുകളെ അനുഗമിക്കുന്ന റെസ്ക്യൂ ബോട്ടുകൾ ജീവനക്കാർ കുറവായതിനാൽ സംഭവസമയം ഉണ്ടായിരുന്നില്ലെന്നും അതുണ്ടായാൽ പോലും അത്രയും വലിയ തിരകൾക്കിടെ പിടിച്ചുനിൽക്കാനാവില്ലെന്നും മഹേഷ് പട്ടേൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *