തിരുവനന്തപുരം: കിഫ്ബിയുടെ കടമെടുപ്പിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ എഴുതിയ ഫയൽ കുറിപ്പ് പുറത്തുവന്നു. ധനകാര്യ സെക്രട്ടറിയുടെ കുറിപ്പിന് മറുപടിയായാണ് ബാലഗോപാൽ ആശങ്കകൾ രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ. ധനമന്ത്രിയുടെ ആശങ്കകൾക്കിടയിലും കിഫ്ബിയുമായി മുന്നോട്ടുപോകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.
നിലവിലെ കേന്ദ്രസർക്കാർ നയമനുസരിച്ച് കിഫ്ബി ഏതുവിധത്തിൽ കടമെടുത്താലും അത് സർക്കാരിന്റെ പരിമിതമായ ധനലഭ്യതയെയും ദൈനംദിന പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന് ബാലഗോപാൽ ഫയൽ കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു. ധനകാര്യ സെക്രട്ടറി സൂചിപ്പിച്ച കാര്യങ്ങൾ ഗൗരവമായി ചർച്ച ചെയ്യേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കോടതി വ്യവഹാരം അനുകൂലമായാൽ മാത്രമേ നിർദേശിച്ച രീതിയിൽ കടമെടുപ്പും സർക്കാർ ഗ്യാരന്റിയും നടപ്പാക്കാൻ കഴിയൂ എന്നും കുറിപ്പിൽ പരാമർശിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യതകളെയും കടമെടുപ്പ് രീതികളെയും ചൊല്ലി രാഷ്ട്രീയ തർക്കം തുടരുന്നതിനിടെയാണ് മുൻ ധനമന്ത്രിയുടെ നിലപാട് പുറത്തുവന്നത്. 2023 ഒക്ടോബറിലാണ് ബാലഗോപാലിന്റെ കുറിപ്പെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ആവശ്യമായ നടപടി സ്വീകരിച്ചതായി 2024 ജൂണിലെ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ നേരിട്ട് വായ്പയെടുക്കുന്ന നടപടികളുമായി കിഫ്ബി മുന്നോട്ടുപോയി.
കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തെ കടക്കെണിയിലേക്ക് നയിച്ചെന്നായിരുന്നു വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. ധനമന്ത്രിയായിരുന്ന കെ.എൻ. ബാലഗോപാലിന്റെ അഭിപ്രായവും സമിതി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളെച്ചൊല്ലി വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെ ഫയൽ കുറിപ്പ് പുറത്തുവന്നത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.



