അൻസിബ ഹസന്‍റെ പരാതിയിൽ ശ്വേത മേനോന്‍റെ മൊഴിയെടുത്ത് കടവന്ത്ര പൊലീസ്

കൊച്ചി: നടൻ ടിനി ടോമിനെതിരായ നടി അൻസിബ ഹസന്‍റെ പരാതിയിൽ അമ്മ പ്രസിഡന്‍റ് ശ്വേത മേനോന്‍റെ മൊഴിയെടുത്ത് കടവന്ത്ര പൊലീസ്. ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്നാണ് ശ്വേതയുടെ മൊഴി. അൻസിബ മതം മാറ്റാൻ ശ്രമിച്ചെന്ന് ടിനി പറഞ്ഞത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ശ്വേത മൊഴി നൽകി. ടിനി ടോമിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം നീനാ കുറുപ്പിന്റെ മൊഴിയെടുത്തിരുന്നു. അന്വേഷണ റിപ്പോർട്ട് ഈയാഴ്ച സമർപ്പിക്കും. അതിനിടെ നടി ലക്ഷ്‍മി പ്രിയയ്‍ക്കെതിരെ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്‍തിരിക്കുകയാണ് അൻസിബ. നടി ലക്ഷ്‍മി പ്രിയ, ഭർത്താവ് ജയേഷ് തൃപ്പൂണിത്തുറ, വനിതാ സെൽ എസ് ഐ എന്നിവർക്കെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം. തൃപ്പൂണിത്തുറ കോടതിയെയാണ് സമീപിച്ചത്. പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്.

പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി മാനസിക പീഡനത്തിന് ഇരയാക്കിയെന്ന അൻസിബ ഹസന്റെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തൃപ്പൂണിതുറ പൊലീസ് സ്റ്റേഷനിലെ വനിതാ എസ് ഐക്കെതിരെയും നടി ലക്ഷ്‍മി പ്രിയക്കെതിരെയും അൻസിബ നൽകിയ പരാതിയിൽ കേസെടുക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എ സി പി കൊച്ചി കമ്മിഷണർക്ക് റിപ്പോർട്ട്‌ നൽകി. അതേസമയം ടിനി ടോമിനെതിരെ അൻസിബ നൽകിയ പരാതിയിൽ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് തുടർ നടപടി എടുക്കുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *