ന്യൂഡൽഹി: എക്സാലോജിക്- സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലടക്കം നടന്ന ഇ. ഡി റെയ്ഡില്‍ പ്രതികരിച്ച് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ ബിജെപി വേട്ടയാടുകയാണെന്നാണ് കെജ്‌രിവാള്‍ എക്സ് പോസ്റ്റിൽ പറഞ്ഞു. ജനാധിപത്യത്തെ ദുർബലപ്പെടുത്താനാണ് ബിജെപിയുടെ ശ്രമം. കോണ്‍ഗ്രസിന്റെ ‘നിഷ്‌ക്രിയത്വ’ത്തെക്കുറിച്ച് പരാതിപ്പെടാന്‍ തുടങ്ങിയതിന് തൊട്ടുപിന്നാലെ ഇ. ഡി നടത്തിയ റെയ്ഡ്, ബിജെപി-കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.
സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസില്‍ പിണറായി വിജയന്റെ കണ്ണൂരിലേയും തിരുവനന്തപുരത്തേയും വീടുകളിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 14 ഇടങ്ങളിലാണ് പരിശോധന നടന്നത്. രാവിലെ ഏഴ് മണിക്ക് മുമ്പായി ആരംഭിച്ച റെയ്ഡിനെതിരെ സിപിഐഎം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പിണറായി വിജയന്റെ തലസ്ഥാനത്തെ വാടകവീട്, കണ്ണൂരിലെ വീട്, മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്, സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ കൊച്ചിയിലെ വീട്, ആലുവയിലെ സിഎംആര്‍എല്‍ ഓഫീസ്, ബെംഗളൂരുവിലെ എക്‌സാലോജിക് ഓഫീസ്, ശശിധരന്‍ കര്‍ത്തയുമായി ബന്ധപ്പെട്ട മറ്റു രണ്ടിടങ്ങള്‍ ഉള്‍പ്പെടെ 14 ഇടങ്ങളിലായിരുന്നു ഇ. ഡി റെയ്ഡ്.
പരിശോധന നടക്കുമ്പോള്‍ പിണറായി വിജയനും കുടുംബവും തിരുവനന്തപുരത്തെ വാടകവീട്ടിലായിരുന്നു ഉണ്ടായിരുന്നത്. പരിശോധനയ്ക്കിടെ വീണയുടെ മൊഴി ശേഖരിച്ച ഇ. ഡി, വിശദമായി വിവരങ്ങള്‍ ശേഖരിക്കുന്നതിന് പിന്നീട് സമന്‍സ് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. പരിശോധന ആരംഭിച്ചതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി സിപിഐഎം പ്രവര്‍ത്തകരും രംഗത്തെത്തി. ഇ. ഡി പരിശോധനയില്‍ സിപിഐഎം പ്രവർത്തകർ രാജ്യവ്യാപകമായി പ്രതിഷേധം നടത്തിവരികയാണ്.
