ന്യൂഡൽഹി: കരസേനയുടെ ലഖ്‌നൗ ആസ്ഥാനമായ സെന്‍ട്രല്‍ കമാന്‍ഡ് ചീഫ് ഓഫ് സ്റ്റാഫായി തിരുവനന്തപുരം പട്ടം സ്വദേശി ലഫ്റ്റനൻ്റ് ജനറല്‍ സി.ജെ. ജയചന്ദ്രന്‍ ചുമതലയേറ്റു. മാര്‍ ഇവാനിയോസ് കോളേജിലെ പ്രീഡിഗ്രി പഠനത്തിന് ശേഷമാണ് സി.ജെ. ജയചന്ദ്രന്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നത്. പരിശീലനം പൂര്‍ത്തിയാക്കി ബോംബെ സാപ്പേഴ്‌സിന് കീഴില്‍ 1991ല്‍ കരസേനയുടെ ഭാഗമായി. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സൈനിക സേവനത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം കാര്‍ഗില്‍ യുദ്ധവുമായി ബന്ധപ്പെട്ട ഓപ്പറേഷന്‍ വിജയിലും പങ്കെടുത്തിട്ടുണ്ട്. കായികരംഗത്തും സജീവമായ അദ്ദേഹം ഇന്നും മാരത്തോണുകളില്‍ പങ്കെടുക്കുന്നുണ്ട്. .
പാരാട്രൂപ്പര്‍ എന്ന നിലയില്‍ ശ്രദ്ധ നേടിയിട്ടുള്ള ലഫ്. ജനറല്‍ സി.ജെ. ജയചന്ദ്രന്‍ നൂറിലേറെ തവണ പാരാജംപിങും നടത്തിയിട്ടുണ്ട്.
തിരുവനന്തപുരം കരമനയിലെ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂള്‍, പട്ടം സെന്റ് മേരീസ് ഹൈസ്‌കൂള്‍, മാര്‍ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിലെ പൂര്‍വവിദ്യാര്‍ത്ഥിയാണ്.ബി ടെക് ബിരുദധാരിയായ അദ്ദേഹം ഡിഫന്‍സ് സ്റ്റഡീസില്‍ എം.എസ്.സി ബിരുദവും രണ്ട് എം.ഫില്‍ ബിരുദങ്ങളും നേടിയിട്ടുണ്ട്.
