റിയാദ്: ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ ഭൂരിഭാഗം ഹാജിമാരും നാട്ടിലേക്ക് മടങ്ങിയതായി റിപ്പോർട്ട്. ജിദ്ദ വിമാനത്താവളം വഴിയുള്ള തീർഥാടകരുടെ മടക്കയാത്ര ഇന്ന് അവസാനിച്ചു. മലയാളി ഹാജിമാരിൽ പകുതിയിലധികം പേരും നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. ഹജ്ജ് അവസാനിച്ച് 3 ആഴ്ച പിന്നിടുമ്പോൾ 93,456 ഹാജിമാരാണ് നാട്ടിലേക്ക് മടങ്ങിയത്. വിവിധ എംബാർക്കേഷൻ പോയിന്റുകളിലേക്ക് 320 വിമാന സർവീസുകളാണ് ഇതുവരെ നടത്തിയത്. കൊച്ചിയിലേക്കുള്ള മുഴുവൻ തീർഥാടകരും നാട്ടിലേക്ക് മടങ്ങി. ഇന്ന് പുലർച്ചെ മദീന വിമാനത്താവളം വഴിയായിരുന്നു അവസാന വിമാനം. 20 വിമാനങ്ങളിലായി 8,000ത്തോളം തീർത്ഥാടകരാണ് മടങ്ങിയത്. കണ്ണൂരിലേക്കുള്ള ആദ്യ വിമാനം ഇന്ന് ഉച്ചയോടെ പുറപ്പെട്ടു. കോഴിക്കോട്ടേക്കുള്ള മടക്കയാത്ര ഈ മാസം 23നാണ് ആരംഭിക്കുക. മദീന സന്ദർശനത്തിനുള്ള മുഴുവൻ തീർഥാടകരും മക്കയിൽ നിന്ന് യാത്രയായി. ബാക്കിയുള്ള ഹാജിമാർ മദീനയിൽ സന്ദർശനത്തിലാണ്. ഈ മാസം മുപ്പതിനാണ് മുഴുവൻ ഹാജിമാരുടെയും മടക്കയാത്ര പൂർത്തിയാവുക.
ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ ഭൂരിഭാഗം ഹാജിമാരും നാട്ടിലേക്ക് മടങ്ങി
