കൃഷ്ണ-ഗോദാവരി (കെജി) ബേസിനിൽ പ്രകൃതിവാതകവും ദ്രാവക ഹൈഡ്രോകാർബണും കണ്ടെത്തിയതായി ഓയിൽ ഇന്ത്യ ലിമിറ്റഡ്. രാജ്യത്തിന്റെ ആഭ്യന്തര ഊർജ ഉൽപ്പാദനം വർധിപ്പിക്കാനും പ്രകൃതിവാതക ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഈ കണ്ടെത്തൽ സഹായകമായേക്കും.
93.9 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പര്യവേക്ഷണ ബ്ലോക്കിന്റെ പൂർണ ഉടമസ്ഥാവകാശം ഓയിൽ ഇന്ത്യക്കാണ്. കേന്ദ്ര സർക്കാരിന്റെ ‘ഡിസ്കവേർഡ് സ്മോൾ ഫീൽഡ്’ നയപ്രകാരം അനുവദിച്ച ബ്ലോക്കിൽ കസ്റ്റംസ് തീരുവ ഇളവുകൾ, നികുതി ആനുകൂല്യങ്ങൾ, വിലനിർണയ സ്വാതന്ത്ര്യം എന്നിവ കമ്പനിക്ക് ലഭിക്കും.
2026 ഒക്ടോബർ 16 മുതൽ പര്യവേക്ഷണം ആരംഭിച്ച ബ്ലോക്കിനെ 64.55 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കിഴക്കൻ മേഖലയെന്നും 29.36 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പടിഞ്ഞാറൻ മേഖലയെന്നും തിരിച്ചാണ് വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്.
2,024 മുതൽ 2,027 മീറ്റർ വരെ ആഴത്തിലുള്ള മേഖലയിലാണ് പരിശോധന നടത്തിയത്. ഇവിടെ പ്രതിദിനം പരമാവധി ഒരു ലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ പ്രകൃതിവാതക പ്രവാഹവും ഏകദേശം 170 ബാരൽ ദ്രാവക ഹൈഡ്രോകാർബൺ ഉൽപ്പാദനവും രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. കൂടുതൽ ഉയരത്തിലുള്ള പാളികളിൽ അടുത്ത ഘട്ട പരിശോധനകൾ നടത്തുമെന്നും കമ്പനി അറിയിച്ചു.
ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കായി വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഈ കണ്ടെത്തൽ പ്രാധാന്യമർഹിക്കുന്നത്. രാജ്യത്തിന്റെ ആകെ ഊർജ ഉപഭോഗത്തിൽ പ്രകൃതിവാതകത്തിന്റെ പങ്ക് നിലവിലെ ആറു ശതമാനത്തിൽനിന്ന് 2030-ഓടെ 15 ശതമാനമായി ഉയർത്താനാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. കെജി ബേസിനിലെ പുതിയ കണ്ടെത്തൽ ഈ ലക്ഷ്യത്തിലേക്കുള്ള ആഭ്യന്തര ഉൽപ്പാദനശ്രമങ്ങൾക്ക് പിന്തുണയാകുമെന്നാണ് പ്രതീക്ഷ.



