ന്യൂഡൽഹി: നീറ്റ് ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകളിലെ വ്യാപക ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ കോക്രോച്ച് ജനത പാർട്ടിയുടെ (സി.ജെ.പി) നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം. ജന്തർ മന്ദിറിൽ നടന്ന സമരത്തിൽ നൂറുകണക്കിന് പ്രതിഷേധക്കാരാണ് അണിനിരന്നത്. സമരം രാവിലെ വരെ തുടരാനാണ് സി.ജെ.പിയുടെ തുരുമാനം.
കേന്ദ്ര മന്ത്രിക്കെതിരെ സി.ജെ.പി ഡൽഹിയിൽ സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട പ്രതിഷേധമാണിത്. ഉച്ചക്ക് രണ്ട് മണിയോടെ സി.ജെ.പി സ്ഥാപകൻ അഭിജിത്ത് ദീപ്കെ സമരവേദിയിലെത്തി.
വിവിധ ജനകീയ സംഘടനകളും പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. വൈകുന്നേരം നാല് മണി വരെയായിരുന്നു പൊലീസ് സമരത്തിന് അനുമതി നൽകിയിരുന്നത്.
ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് മാനസികവിഷമം മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടു. ജീവനൊടുക്കേണ്ടി വന്ന വിദ്യാർഥികളുടെ ചിത്രങ്ങൾ പതിച്ച ബോർഡ് പ്രതിഷേധ വേദിയിൽ സ്ഥാപിച്ചിരുന്നു.
