ധ്രുവ് റാഠിക്ക് ജാമ്യമില്ലാ വാറണ്ട്

ഡൽഹി : യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി. 2018ൽ ആരംഭിച്ച അപകീർത്തി കേസിലാണ് കോടതിയുടെ പുതിയ നടപടി. പരാതിക്കാരനായ വികാസ് സങ്കൃത്യായൻ എന്ന വികാസ് പാണ്ഡെയാണ് റാഠിക്കെതിരെ പരാതി നൽകിയത്.

2018 മെയ് മാസത്തിൽ ധ്രുവ് റാഠി തന്റെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച ‘BJP IT Cell Part II’ എന്ന വീഡിയോയാണ് കേസിന് ആധാരം. ബിജെപി ഐടി സെൽ തന്നെ അപകീർത്തിപ്പെടുത്താൻ പണം നൽകാൻ ശ്രമിച്ചുവെന്ന ആരോപണം വീഡിയോയിലൂടെ റാഠി ഉന്നയിച്ചെന്നാണ് പരാതി. ഈ ആരോപണങ്ങൾ വ്യാജവും തന്റെ പ്രതിച്ഛായയ്ക്ക് ദോഷകരവുമാണെന്നാണ് പരാതിക്കാരന്റെ വാദം.

കേസിൽ നേരത്തെയും ധ്രുവ് റാഠിക്കെതിരെ ജാമ്യത്തിൽ പുറത്തിറങ്ങാവുന്ന വാറണ്ട് കോടതി പുറപ്പെടുവിച്ചിരുന്നു. സമൻസ് കൈമാറാൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ താമസസ്ഥലം പൂട്ടിക്കിടന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. റാഠി വിദേശത്താണ് താമസിക്കുന്നതെന്നും പരാതിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

തുടർന്നാണ് ഇപ്പോൾ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഡിസംബർ മൂന്നിനാണ് കേസിൽ അടുത്ത വാദം നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, കേസിൽ കോടതിയുടെ വിശദമായ ഉത്തരവ് പുറത്തുവരാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *