നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ചിട്ടു; യുവാവിന് പരിക്ക്

തിരുവനന്തപുരം: നിയന്ത്രംവിട്ട ഇന്നോവ കാർ കടയുടെ മുന്നിലേക്കു ഇടിച്ചുകയറി യുവാവിന് ഗുരുതരമായി പരിക്കേറ്റു. കൊല്ലം ചിതറ സ്വദേശിയായ ആകാശാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ മേലെ ചന്തവിളയിലായിരുന്നു സംഭവം. ചിതറയിൽ നിന്ന് തിരുവനന്തപുരം എയർപോർട്ടിലേക്ക് യാത്ര പോവുന്നതിനിടെ മേലെ ചന്തവിളയിൽ എത്തിയപ്പോൾ സമീപത്തെ കടയിൽ നിന്ന് വെള്ളം വാങ്ങാൻ ഇറങ്ങിയതായിരുന്നു ആകാശ്. വെള്ളം വാങ്ങി പുറത്തിറങ്ങുന്നതിനിടെയാണ് ഇന്നോവ നിയന്ത്രണം വിട്ട് ഇടിച്ചതെന്ന് സമീപത്തുണ്ടായിരുന്നവർ പറഞ്ഞു.
അപകടത്തിൽ സമീപത്തെ ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേ വയറിനും ബംബറിനും ഇടയിൽ ആകാശിന്റെ കാൽ കുടുങ്ങി. ആകാശിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ആകാശിനെ പുറത്തെടുത്തു തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണന്തല സ്വദേശിയാണ് വാഹനം ഓടിച്ചിരുന്നത്. ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *