മസ്കത്ത്: ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾക്കെതിരെയുള്ള രാജ്യവ്യാപകമായ നിരോധനത്തിന്റെ അഞ്ചാം ഘട്ടം ജൂലൈ 1 മുതൽ പരിസ്ഥിതി അതോറിറ്റി നടപ്പിലാക്കും. പരിസ്ഥിതി സൗഹൃദ ബദൽ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറക്കുക, രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കുക എന്നിവയിലൂടെ ‘ഒമാൻ വിഷൻ 2040′-ന് പിന്തുണ നൽകുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പൊതു-സ്വകാര്യ മേഖലകളിലെ വാണിജ്യ സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഘട്ടംഘട്ടമായി കുറക്കുന്നതിനായി പരിസ്ഥിതി അതോറിറ്റിയുടെ തീരുമാനം നമ്പർ 8/2024’-ന്റെ അഞ്ചാം ഘട്ടമാണിത്.
പുതിയ ഘട്ടം 2026 ജൂലൈ 1 മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വരുമെന്ന് പരിസ്ഥിതി അതോറിറ്റിയിലെ കെമിക്കൽസ് ആന്റ് വേസ്റ്റ് മാനേജ്മെന്റ് വിഭാഗം കെമിസ്ട്രി സ്പെഷ്യലിസ്റ്റ് എൻജിനീയർ അബീർ ബിന്ത് ഒമർ അൽ ഖാസിമി അറിയിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളെ ആശ്രയിക്കുന്നത് കുറക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ വിപുലീകരണത്തിലൂടെ ഫർണിച്ചർ കടകൾ, പരമ്പരാഗത ഖഞ്ചർ കടകൾ, സ്വർണ-വെള്ളി ആഭരണ ശാലകൾ, കാർ കെയർ സെന്ററുകൾ, കാർ ഷോറൂമുകൾ എന്നിവയിൽ ഇനി മുതൽ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾ ഉപയോഗിക്കുന്നത് നിരോധിക്കുമെന്ന് അവർ വിശദീകരിച്ചു.
