പവര്‍ കട്ട് തുടര്‍ന്നേക്കും; നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമെന്നാണ് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം. പവര്‍ കട്ട് തുടര്‍ന്നേക്കും. നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമെന്നാണ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. വര്‍ധിച്ച ഉപയോഗം, കുറഞ്ഞ ആഭ്യന്തര ഉത്പാദനം, കടം വാങ്ങിയ വൈദ്യുതി തിരികെ നല്‍കേണ്ട സാഹചര്യം എന്നിവയാണ് പ്രതിസന്ധിക്ക് കാരണം.

മുന്‍വര്‍ഷത്തേക്കാള്‍ വൈദ്യുതി ഉപഭോഗം കൂടുകയും ഉല്‍പാദനം കുറയുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി വിപണിയിലെ വിലക്കയറ്റവും വേനല്‍ക്കാലത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കടം വാങ്ങിയ വൈദ്യുതി നല്‍കേണ്ടി വന്നതും പ്രതിസന്ധി വര്‍ധിപ്പിച്ചിരിക്കുകയാണ്. എസി, അലങ്കാര വിളക്കുകള്‍ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കണമെന്നും പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ ഇടപെടലുമുണ്ടാകുമെന്നും മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.

ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകുന്നത്. മഴ ലഭിച്ചില്ലെങ്കില്‍ വരും ദിവസങ്ങളിലും നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി വ്യക്തമാക്കിയിരുന്നു. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് മഴയിലുണ്ടായ കുറവും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതും തിരിച്ചടിയായെന്ന് കെഎസ്ഇബി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *