ടിവിഎസ് കുടുംബത്തിൽ സ്വത്ത് തർക്കം രൂക്ഷം; വേണു ശ്രീനിവാസന്റെ അവകാശവാദം തള്ളി മല്ലിക

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: പ്രമുഖ വ്യവസായ കുടുംബമായ ടിവിഎസിൽ സ്വത്തുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമാകുന്നതായി റിപ്പോർട്ട്. കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചെന്ന ടിവിഎസ് ചെയർമാൻ എമിരിറ്റസ് വേണു ശ്രീനിവാസന്റെ അവകാശവാദത്തിന് പിന്നാലെ, സാമ്പത്തിക തർക്കത്തിൽ ഇതുവരെ ഒത്തുതീർപ്പായിട്ടില്ലെന്ന് വ്യക്തമാക്കി ഭാര്യയും വ്യവസായിയുമായ മല്ലിക ശ്രീനിവാസൻ രംഗത്തെത്തി.

കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങളിൽ അന്തിമ ധാരണയിലെത്തിയിട്ടില്ലെന്ന് ടെലിഫോൺ അഭിമുഖത്തിൽ മല്ലിക ശ്രീനിവാസൻ പറഞ്ഞു. മകൻ സുദർശൻ വേണുവിന് ലഭിക്കുന്നതിന് തുല്യമായ സാമ്പത്തിക അവകാശങ്ങൾ മകൾ ലക്ഷ്മി വേണുവിനും ലഭിക്കണമെന്നാണ് തന്റെ നിലപാടെന്നും ട്രാക്ടേഴ്സ് ആൻഡ് ഫാം എക്വിപ്മെന്റ് ലിമിറ്റഡ് (TAFE) മാനേജിങ് ഡയറക്ടർ കൂടിയായ മല്ലിക വ്യക്തമാക്കി.

രണ്ട് മക്കളുടെയും സാമ്പത്തിക അവകാശങ്ങൾ തുല്യമായും നീതിപൂർവമായും പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മല്ലിക പറഞ്ഞു. കുടുംബാംഗങ്ങൾ തമ്മിലുള്ള ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന നിലപാടാണ് താൻ എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. എത്രയും വേഗം നീതിപൂർവവും സുതാര്യവുമായ ഒത്തുതീർപ്പിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.

കുടുംബത്തിലെ സ്വത്ത് ഒരാൾക്ക് മാത്രം അവകാശപ്പെട്ടതാണെന്നും അതിനാൽ ഏകപക്ഷീയമായി വിതരണം ചെയ്യാമെന്നുമുള്ള വാദം അംഗീകരിക്കാനാകില്ലെന്ന് നേരത്തേ മല്ലികയും മകൾ ലക്ഷ്മി വേണുവും വ്യക്തമാക്കിയിരുന്നു. 2024 മാർച്ചിൽ ഒപ്പിട്ട ധാരണാപത്രത്തിൽ ബ്രാൻഡുകളുടെ ഉപയോഗം ഉൾപ്പെടെയുള്ള അവകാശങ്ങളാണ് പരാമർശിച്ചിട്ടുള്ളതെന്നും കുടുംബസ്വത്തിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് അതിൽ വ്യവസ്ഥകളില്ലെന്നും മല്ലിക വിശദീകരിച്ചു.

2020ൽ ടിവിഎസ് ഗ്രൂപ്പിൽ നടന്ന വിഭജനം ആസ്തിവിഭജനമോ സാമ്പത്തിക ഒത്തുതീർപ്പോ ആയിരുന്നില്ലെന്നും മല്ലിക പറഞ്ഞു. ടിഎഎഫ്ഇയിലെ തന്റെ പങ്കാളിത്തത്തിന് കുടുംബത്തിലെ സാമ്പത്തിക തർക്കവുമായി ബന്ധമില്ലെന്നും ഈ രണ്ട് വിഷയങ്ങളെയും കൂട്ടിവായിക്കരുതെന്നും അവർ വ്യക്തമാക്കി.

കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചെന്ന വേണു ശ്രീനിവാസന്റെ പ്രസ്താവനയും ഒത്തുതീർപ്പ് ഉണ്ടായിട്ടില്ലെന്ന മല്ലികയുടെ പ്രതികരണവും പുറത്തുവന്നതോടെ ടിവിഎസ് കുടുംബത്തിലെ സ്വത്തുതർക്കം വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. കുടുംബത്തിലെ സാമ്പത്തിക അവകാശങ്ങൾ സംബന്ധിച്ച തർക്കത്തിൽ ഇനി എന്ത് തീരുമാനമുണ്ടാകുമെന്നാണ് ബിസിനസ് ലോകം ഉറ്റുനോക്കുന്നത്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News