കോഴിക്കോട്: കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനില്‍ നിന്നും സമ്മാനം വാങ്ങാന്‍ വിസമ്മതിച്ച് മത്സരാര്‍ത്ഥി. കോഴിക്കോട് നീന്തല്‍ മത്സരത്തിലെ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനിടെയായിരുന്നു പ്രതിഷേധം. മാധ്യമ പ്രവര്‍ത്തകന്‍ കെ. എം ബഷീറിന്റെ കൊലയാളിയില്‍ നിന്ന് സമ്മാനം വാങ്ങില്ലെന്ന് കുട്ടിയുടെ രക്ഷിതാവ് തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറില്‍ നിന്നാണ് കുട്ടി സമ്മാനം സ്വീകരിച്ചത്. കോഴിക്കോട് ചെറൂട്ടി നഗറിലെ സ്വിമ്മിംഗ് പൂളിലായിരുന്നു മത്സരം നടന്നത്. ശേഷമാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ കെ. എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍.
രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. നേരത്തെ കൃഷിമന്ത്രി സിദ്ദിഖിനൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയ ശ്രീറാം വെങ്കിട്ടരാമന്‍ മാധ്യമ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇറങ്ങിപ്പോയിരുന്നു. ‘കെഎം ബഷീറിന്റെ കൊലയാളി’യെ വാര്‍ത്താസമ്മേളനത്തില്‍ ഒപ്പമിരുത്താന്‍ കഴിയില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ നിലപാട് സ്വീകരിക്കുകയും ശക്തമായ പ്രതിഷേധം അറിയിക്കുകയുമായിരുന്നു. 2019 ഓഗസ്റ്റ് മൂന്നിനാണ് കെ. എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയത്.



