രാജ്യത്ത് ഇതുവരെ മഴക്കുറവ് 42 ശതമാനം

ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ രാജ്യത്ത് കൂടുതല്‍ ദുര്‍ബലമായി തുടരുന്നു. ദേശീയ തലത്തിലുള്ള മഴക്കുറവ് 42 ശതമാനമായതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ജൂണ്‍ നാലു മുതല്‍ 18 വരെയുള്ള കണക്കാണിത്.

ഈ കാലയളവില്‍ രാജ്യത്ത് സാധാരണയായി 72.2 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ ഇതുവരെ 42.1 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. മണ്‍സൂണ്‍ സീസണ്‍ ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും മഴയുടെ കുറവ്, രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

പ്രധാന മണ്‍സൂണ്‍ പ്രദേശങ്ങളില്‍ മേഘാവൃതം ദുര്‍ബലമാണ്. മധ്യ ഇന്ത്യയുടെ ഭൂരിഭാഗവും, മഹാരാഷ്ട്ര, ഗുജറാത്ത്, മണ്‍സൂണ്‍ കോര്‍ സോണിലും താരതമ്യേന മേഘരഹിതമായി തുടരുന്നു. മണ്‍സൂണ്‍ ശക്തമാകാന്‍ അറബിക്കടലില്‍ നിന്നും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും ശക്തമായ ഒരു കുതിപ്പ് ആവശ്യമാണ്. എന്നാല്‍ ഇതുവരെ അത്തരമൊന്ന് ദൃശ്യമായിട്ടില്ലെന്നും കാലാവസ്ഥ വകുപ്പ് സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *