തിരുവനന്തപുരം: സസ്പെൻഷനിലുള്ള മുൻ ഗൺമാൻ അനിൽകുമാർ പ്രതിപക്ഷ നേതാവിന്റെ അകമ്പടി വാഹനം ഉപയോഗിച്ചതായി റിപ്പോർട്ട്. ഇന്നലെ പത്തനാപുരം ഭാഗത്ത് എസ്കോർട്ട് വാഹനത്തിൽ അനിൽകുമാർ സഞ്ചരിച്ചതായാണ് വിവരം. സംഭവത്തിൽ ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു.
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തെന്ന ഗുരുതരമായ റിപ്പോർട്ടാണ് ഡിജിപിക്ക് ലഭിച്ചിരിക്കുന്നത്. ഇന്നലെ നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലുണ്ടായിരുന്ന സമയത്താണ് അനിൽകുമാർ അകമ്പടി വാഹനത്തിൽ സഞ്ചരിച്ചതെന്നാണ് റിപ്പോർട്ട്.
സംഭവം പ്രാഥമിക അന്വേഷണത്തിൽ സ്ഥിരീകരിച്ചതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
നിലവിൽ അനിൽകുമാർ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക സ്റ്റാഫിൽ ഉൾപ്പെട്ടിട്ടില്ല. കൂടാതെ, ഇയാൾ സസ്പെൻഷനിലുമാണ്. ഈ സാഹചര്യത്തിൽ ഔദ്യോഗിക അകമ്പടി വാഹനം ഉപയോഗിച്ചത് ഗുരുതരമായ ചട്ടലംഘനമാണെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.



