ഇന്ത്യ – സിംബാബ്‌വെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇപ്പോൾ സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയതല്ലെന്നും താരത്തിന് വിശ്രമം നൽകിയതാണെന്നും ചൂണ്ടിക്കാട്ടി ബിസിസിഐ രംഗത്തെത്തിയിരിക്കുകയാണ്.
‘സിംബാബ്‌വെ പരമ്പരയിൽ കൂടുതലും യുവതാരങ്ങൾക്കാണ് അവസരം നൽകുക. അതുകൊണ്ട് തന്നെ സഞ്ജുവിനെ പോലെ ഒരു സീനിയർ താരത്തെ മൈതാനത്തിറക്കാതെ ടീമിനൊപ്പം കൊണ്ടുനടക്കുന്നതിൽ അർഥമില്ല. അഥവാ അങ്ങനെ ടീമിനൊപ്പം ചേർന്നാലും പ്ലെയിങ് ഇലവനിൽ അവസരം ലഭിക്കാൻ സാധ്യത വളരെ കുറവാണ്’, ബിസിസിഐലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അതേസമയം വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ സഞ്ജു ടീമിൽ ഉണ്ടെന്നും അതൊരു വലിയ ടൂർണമെന്റായതുകൊണ്ട് അതിന് മുമ്പായി വിശ്രമം നൽകിയതായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ടീം; ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, പ്രിൻസ് യാദവ്, വരുൺ ചക്രവർത്തി, യാഷ് ഠാക്കൂർ, അശോക് ശർമ്മ, മായങ്ക് യാദവ്, അഭിഷേക് ശർമ്മ, റിങ്കു സിംഗ്, ഇഷാൻ കിഷൻ, പ്രഭ്സിമ്രാൻ സിംഗ്, ശിവം ദുബെ, സൂര്യൻഷ് ഷെഡ്ഗെ, ഹർഷ് ദുബെ.
