കോഴിക്കോട്: കോഴിക്കോട് മുക്കം എസ്ഐയുടെ വീട്ടിൽ പട്ടാപ്പകൽ കവർച്ച. വീട് കുത്തിത്തുറന്ന മോഷ്ടാക്കൾ 8500 രൂപയും വീട്ടുപകരണങ്ങളും എടുത്ത് കടന്നു. മുക്കം എസ്ഐ സന്തോഷ് കുമാറും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സനീഷ് എന്നയാളും വാടകയ്ക്ക് താമസിക്കുന്ന മുക്കത്തെ ഇരുനില വീട്ടിലാണ് പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്. സംഭവത്തിൽ ഒരാള്‍ പിടിയിലായി. അരീക്കോട് പുത്തന്‍പീടിക സ്വദേശി മിയാസ് ബാബുവാണ് പിടിയിലായത്. മറ്റ് രണ്ടുപേര്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വീട്ടില്‍ ആളില്ലാത്ത തക്കം നോക്കിയെത്തിയ മോഷ്ടാക്കൾ പിറകിലത്തെ വാതില്‍ തകര്‍ത്താണ് അകത്തു കടന്നത്. പിന്നാലെ അകത്തെ മൂന്ന് മുറിയുടേയും വാതില്‍ പൊളിച്ചു അകത്തു കയറി. പകല്‍ സമയം ആരും വീട്ടിലേക്ക് വരില്ല എന്ന ധാരണയിലായിരുന്നു മോഷ്ടാക്കള്‍. എന്നാല്‍ മൂന്ന് മണിയോടെ താമസക്കാരനായ സനീഷ് വീട്ടിലേക്ക് തിരിച്ചെത്തി. ഇതോടെ മോഷ്ടാക്കളിൽ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ലാപ്ടോപ്പ്, ടോര്‍ച്ച് തുടങ്ങിയവ വീടിന് പുറത്തേക്ക് കൊണ്ടുവെച്ച നിലയിലായിരുന്നു.
