തിരുവനന്തപുരം: എസ്എംഎ മരുന്ന് വിവാദത്തിൽ സർക്കാരിനോട് ചോദ്യങ്ങളുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. ക്ലിനിക്കൽ ട്രയലിനുള്ള മരുന്ന് എങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് നൽകിയതെന്ന് വീണാ ജോർജ് ചോദിച്ചു. ജനറിക് മരുന്നുകൾക്ക് ക്ലിനിക്കൽ ട്രയൽ ആവശ്യമില്ലെന്നാണെങ്കിൽ, ക്ലിനിക്കൽ ട്രയൽ എന്ന ലേബലോടെ കമ്പനി എന്തിനാണ് മരുന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍ ലിമിറ്റഡിന് (കെഎംഎസ്‌സിഎൽ) നൽകിയതെന്നും അവർ ചോദിച്ചു. ഇക്കാര്യത്തിൽ ദുരൂഹതയുണ്ടെന്നും മുപ്പതിലധികം രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി ചെയ്യുന്ന കമ്പനി കയറ്റുമതിക്കുള്ള മരുന്ന് കേരളത്തിലെ കുഞ്ഞുങ്ങളിൽ പരീക്ഷിച്ചോയെന്ന് വ്യക്തമാക്കണമെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിമർശനം.
കെഎംഎസ്‌സിഎൽ വഴിയുള്ള മരുന്ന് വിതരണത്തിൽ ക്ലിനിക്കൽ ട്രയലിനുള്ള മരുന്ന് എങ്ങനെ ഉൾപ്പെട്ടുവെന്നും ഓരോ മരുന്നിനും ഗുണനിലവാര സർട്ടിഫിക്കറ്റ് ഉറപ്പാക്കേണ്ട സാഹചര്യത്തിൽ ഈ മരുന്നിന് അത് ലഭിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും വീണാ ജോർജ് ചോദിച്ചു. എയിംസ് ഉൾപ്പെടെ രാജ്യത്തെ 15 സെന്റർ ഓഫ് എക്സലൻസ് സ്ഥാപനങ്ങളിൽ ഏതെങ്കിലും ടെൻഡർ നടപടികളിലൂടെ ഈ മരുന്ന് വാങ്ങുന്നുണ്ടോയെന്നും വ്യക്തമാക്കണം. ഉന്നയിക്കപ്പെട്ട ചോദ്യങ്ങളിൽ വ്യക്തത വരുത്തണമെന്നും മരുന്ന് പരീക്ഷണവുമായി ബന്ധപ്പെട്ട് സർക്കാർ കൃത്യമായ മറുപടി നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
സർക്കാർ മെഡിക്കൽ കോളേജിലൂടെ കുഞ്ഞുങ്ങളിൽ മരുന്ന് പരീക്ഷണം നടത്തിയെന്ന ഗുരുതരമായ വിഷയം മറച്ചുവയ്ക്കാൻ, വിവാദത്തെ ജനറിക് മരുന്നും ബ്രാൻഡഡ് മരുന്നും തമ്മിലുള്ള താരതമ്യപ്രശ്നമായി ചിത്രീകരിക്കാനാണ് ഉത്തരവാദപ്പെട്ടവർ ശ്രമിക്കുന്നതെന്നും വീണാ ജോർജ് ആരോപിച്ചു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിവിധ രോഗങ്ങൾക്കുള്ള 1,037 ജനറിക് മരുന്നുകളാണ് വാങ്ങിയിരുന്നത്. ഇവയിൽ ഓരോന്നും ലക്ഷക്കണക്കിന് എണ്ണം വീതം പ്രതിവർഷം കെഎംഎസ്‌സിഎൽ വഴി സംഭരിച്ചിരുന്നു. അവശ്യ മരുന്നുകളുടെ പട്ടികയിലുണ്ടായിരുന്ന 865 മരുന്നുകളും ജനറിക് വിഭാഗത്തിൽപ്പെട്ടവയായിരുന്നു. കാൻസർ ചികിത്സയ്ക്കായി 172 ജനറിക് മരുന്നുകൾ കാരുണ്യ സ്പർശം പദ്ധതിയിലൂടെ വാങ്ങി രോഗികൾക്ക് നൽകിയതായും അവർ പറഞ്ഞു.
കോടതി വിധിയുണ്ടായപ്പോൾ തന്നെ എസ്എംഎ ചികിത്സയ്ക്കായി നാറ്റ്കോയുടെ മരുന്ന് നൽകുന്ന കാര്യം പരിശോധിക്കാൻ സാങ്കേതിക സമിതിയോട് ആവശ്യപ്പെട്ടത് മുൻ സർക്കാരാണെന്നും വീണാ ജോർജ് വ്യക്തമാക്കി. എന്നാൽ, 2026 ഫെബ്രുവരിയിൽ ചേർന്ന സമിതി ഇക്കാര്യത്തിൽ സർക്കാരിന് ശുപാർശ നൽകിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.



