തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങുന്ന ത്രില്ലർ ചിത്രം ഗരിഗ ഒക്ടോബർ 30ന് തിയേറ്ററുകളിലെത്തും. വൊനമാലി പ്രൊജക്റ്റിന്റെ ബാനറിൽ ഭാസ്കർ ബന്തുപള്ളി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. 72 ഫിലിം കമ്പനിയാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.
പുതുമുഖങ്ങളായ റിഷാൻ നായകനായും അഞ്ജന ആർ. നായർ നായികയായും എത്തുന്നു. ആലിയ, ഷാൻ കലേറ്റുംകര, ജോർദൻ ബ്രിയാനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിഴൽ വ്യാപാരികൾ എന്ന ചിത്രത്തിന് ശേഷം എം.കെ. ഷെജിനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഖിൽ കവലയൂർ, ചിത്രം സീനു, സുന്ദര പാണ്ടിയൻ പി.എസ്., രുദ്ര ബാല എന്നിവരും മറ്റു വേഷങ്ങളിലെത്തുന്നു.
ഭയാനകമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ത്രില്ലർ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തെലുങ്ക് സംവിധായകനായ ഭാസ്കർ ബന്തുപള്ളിയുടെ ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും ഗരിഗയ്ക്കുണ്ട്. ഹൈദരാബാദ്, കൊച്ചി, കാലടി, കടമക്കുടി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്.
വേണുഗോപാൽ ദീവിയാണ് നിർമാതാവ്. പ്രശാന്ത് ഗഞ്ചാനപള്ളി ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിക്കുന്നു. ജിനു വിജയ് സംഗീതസംവിധായകനാണ്. മുരളി മോഹൻ ആർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും സൂരജ് ശശിധരൻ പ്രോജക്ട് ഡിസൈനറായും പ്രവർത്തിക്കുന്നു.
എം.കെ. ഷെജിനാണ് ചിത്രത്തിന്റെ പി.ആർ.ഒ.



