തിരുവനന്തപുരം: വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫുമായി നടത്തിയ ചർച്ച വിജയിച്ചതോടെ കെഎസ്ഇബി മീറ്റർ റീഡർമാർ സമരം പിൻവലിച്ചു. മീറ്റർ റീഡർമാർ ഉന്നയിച്ച വിഷയങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. പ്രശ്നങ്ങൾ വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനും തീരുമാനമായി. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.
ഇന്ന് നടന്ന ചർച്ചയിൽ വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികൾ പങ്കെടുത്തു. ജോലിയിൽനിന്ന് പുറത്താക്കിയ മീറ്റർ റീഡർമാരെ തിരിച്ചെടുക്കാനും ധാരണയായിട്ടുണ്ട്. തൊഴിലാളികൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങളും പരാതികളും പരിഗണിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ ഒക്ടോബർ ഒന്നുമുതലാണ് കെഎസ്ഇബിയിലെ ഒരു വിഭാഗം മീറ്റർ റീഡർമാർ സമരം ആരംഭിച്ചത്. വേതനവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളായിരുന്നു പ്രധാനമായും ഉന്നയിച്ചത്. ഉപഭോക്താക്കളുടെ വൈദ്യുതി ഉപയോഗം രേഖപ്പെടുത്തുന്നതിനൊപ്പം മാക്സിമം ഡിമാൻഡ് (ആർഎംഡി) കൂടി രേഖപ്പെടുത്തണമെന്ന നിർദേശമാണ് തർക്കത്തിന് കാരണമായത്.
ആർഎംഡി രേഖപ്പെടുത്തുന്നതിന് ഓരോ വീട്ടിലും കൂടുതൽ സമയം ചെലവഴിക്കേണ്ടിവരുമെന്നാണ് തൊഴിലാളികളുടെ നിലപാട്. ഇതിനായി ഒരു വീട്ടിൽ ഏകദേശം 20 മിനിറ്റ് വരെ വേണ്ടിവരുമെന്നും ചില മീറ്ററുകളിൽ ആർഎംഡി രേഖപ്പെടുത്താനുള്ള സൗകര്യമില്ലെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. അധിക ജോലിഭാരത്തിന് ആനുപാതികമായി വേതനം വർധിപ്പിക്കണമെന്നും മീറ്റർ റീഡർമാർ ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങളിൽ കെഎസ്ഇബി മാനേജ്മെന്റുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് സമരം ശക്തമാക്കിയത്. മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ പുതിയ ചർച്ചയിൽ പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കാനും പുറത്താക്കിയവരെ തിരിച്ചെടുക്കാനും ധാരണയായതോടെ സമരത്തിന് വിരാമമായി.



