ന്യൂഡൽഹി: ‘എനർജി ഡ്രിങ്ക്’ എന്ന ലേബൽ ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടരുകയാണെങ്കിൽ രണ്ട് മാസത്തിനുള്ളിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാകില്ലെന്ന് പെപ്സികോ. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഏർപ്പെടുത്തിയ നിയന്ത്രണം നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി വീണ്ടും തള്ളിയതിനു പിന്നാലെയാണ് കമ്പനിയുടെ പ്രതികരണം. വ്യാഴാഴ്ചയാണ് കോടതി ഇളവ് അനുവദിക്കണമെന്ന പെപ്സികോയുടെ ആവശ്യം തള്ളിയത്.
പെപ്സികോയ്ക്കു പുറമെ മോൺസ്റ്റർ, റിലയൻസ് കൺസ്യൂമർ എന്നീ കമ്പനികൾക്കും നിലവിലുള്ള സ്റ്റോക്ക് മാത്രമാണ് ‘എനർജി ഡ്രിങ്ക്’ ലേബലിൽ വിൽക്കാൻ കഴിയുക. വിലക്ക് തുടരുകയാണെങ്കിൽ രണ്ട് മാസത്തിനുള്ളിൽ വിപണിയിൽ ഉൽപ്പന്നങ്ങൾ ലഭ്യമാകില്ലെന്ന് പെപ്സികോയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ സന്ദീപ് സേത്തി കോടതിയെ അറിയിച്ചു.
എതിരാളികളായ റെഡ് ബുള്ളിന് ഉൽപ്പന്നങ്ങൾ വിൽക്കാൻ അനുമതി ലഭിച്ചിരിക്കെ മറ്റു കമ്പനികൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്നത് വിതരണ സംവിധാനത്തെ ബാധിക്കുമെന്നും പെപ്സികോ വാദിച്ചു. ഉൽപ്പന്നങ്ങൾക്കായി ക്യാനുകൾ ഇതിനകം വാങ്ങുകയും ലേബലുകൾ അച്ചടിക്കുകയും ചെയ്തതിനാൽ പുതിയ ലേബലിലേക്ക് മാറുന്നത് സങ്കീർണവും ചെലവേറിയതുമായ നടപടിയാണെന്നും കമ്പനി കോടതിയെ അറിയിച്ചു.
കഴിഞ്ഞ മാസമാണ് നിയന്ത്രണത്തിനെതിരെ റെഡ് ബുള്ളിന് കോടതിയിൽനിന്ന് താൽക്കാലിക ഇളവ് ലഭിച്ചത്. എന്നാൽ പെപ്സികോ, മോൺസ്റ്റർ, റിലയൻസ് കൺസ്യൂമർ എന്നിവയ്ക്ക് സമാനമായ ഇളവ് ഇതുവരെ ലഭിച്ചിട്ടില്ല.
എന്താണ് എഫ്എസ്എസ്എഐയുടെ നടപടി?
ഉയർന്ന അളവിൽ കഫീൻ അടങ്ങിയ പാനീയങ്ങളിൽ ‘എനർജി ഡ്രിങ്ക്’ എന്ന പദം ഉപയോഗിക്കുന്നതിനെ നിയന്ത്രിക്കുന്ന നിർദേശമാണ് ജൂണിൽ എഫ്എസ്എസ്എഐ പുറപ്പെടുവിച്ചത്. ഇത്തരം പാനീയങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യ ആശങ്കകളാണ് നടപടിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. നിയന്ത്രണത്തിന്റെ നിയമസാധുതയും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ അധികാരപരിധിയും സംബന്ധിച്ച തർക്കമാണ് ഇപ്പോൾ കോടതിയുടെ പരിഗണനയിലുള്ളത്.
2017ൽ പെപ്സികോയുടെ ‘സ്റ്റിങ്’ വിപണിയിലെത്തിയതോടെയാണ് ഇന്ത്യയിൽ എനർജി ഡ്രിങ്കുകൾക്ക് കൂടുതൽ ജനപ്രീതി ലഭിച്ചത്. 20 രൂപ വിലയുള്ള സ്റ്റിങ് പ്ലാസ്റ്റിക് ബോട്ടിലുകൾ 15 മുതൽ 19 വയസ്സുവരെയുള്ളവർക്കിടയിലും ഗ്രാമീണ മേഖലയിലും പ്രചാരം നേടിയതായി റിപ്പോർട്ടുകളുണ്ട്.
ലേബൽ നിയന്ത്രണത്തിന്റെ നിയമസാധുത സംബന്ധിച്ച അന്തിമ തീരുമാനം കോടതി ഇതുവരെ എടുത്തിട്ടില്ല. കേസിലെ അടുത്ത വാദം ഒക്ടോബർ 30ന് നടക്കും. അതുവരെ കമ്പനികളുടെ ഉൽപ്പന്നങ്ങളുടെ ലഭ്യതയെയും വിപണിയിലെ മത്സരത്തെയും നിയന്ത്രണം എങ്ങനെ ബാധിക്കുമെന്നത് ശ്രദ്ധേയമാണ്.



