ക്ഷേത്ര ഫണ്ട് ക്ഷേത്രങ്ങൾക്കായ് തന്നെ : 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന വികസന പദ്ധതികൾ റദ്ധാക്കി മുഖ്യമന്ത്രി വിജയ്. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന് കീഴിൽ വരാനിരുന്ന 46 പദ്ധതികളാണ് സർക്കാർ റദ്ദാക്കിയത്. ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം ആഡംബര പദ്ധതികൾക്കോ വാണിജ്യ ആവശ്യങ്ങൾക്കോ ഉപയോഗിക്കാതെ, ക്ഷേത്രങ്ങളുടെ നവീകരണത്തിനും ഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുമായി നീക്കിവെക്കാനാണ് സർക്കാരിന്റെ തീരുമാനം. 115.77 കോടി രൂപ ചെലവിൽ നിർമ്മിക്കാനിരുന്ന 29 വിവാഹ മണ്ഡപങ്ങൾ, 130.08 കോടി രൂപയുടെ 17 വാണിജ്യ സമുച്ചയ പദ്ധതികൾ എന്നിങ്ങനെ 246 കോടി രൂപയുടെ പദ്ധതികളാണ് റദ്ദാക്കിയത്. മാത്രമല്ല, ഈ പദ്ധതികളിൽ പലതും നിയമപരമായ തടസ്സങ്ങൾ നേരിടുന്നവയാണെന്നും അവ പൂർത്തിയാക്കുന്നത് ക്ഷേത്രങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും സർക്കാർ വിലയിരുത്തി.

സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. വിവാഹ മണ്ഡപങ്ങളും ഷോപ്പിംഗ് കോംപ്ലക്‌സുകളും നിർമ്മിക്കുന്നത് ക്ഷേത്രങ്ങൾക്ക് ഭാവിയിൽ വരുമാനം നൽകുമെന്നും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ വിവാഹങ്ങൾ നടത്താൻ ഇത് സഹായിക്കുമെന്നുമാണ് പ്രതിപക്ഷം വാദിക്കുന്നത്. എന്നാൽ, ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ഉടൻ തന്നെ പുതിയ പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *