തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെയുണ്ടായ അക്രമസംഭവം തടയാൻ സാധിക്കാത്തത് ഗുരുതര വീഴ്ചയെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വീണ വിജയന്റെ വീട്ടിൽ റെയ്ഡ് നടന്ന് എഴ് മണിക്കൂർ കഴിഞ്ഞാണ് അക്രമം ഉണ്ടാകുന്നത്. അത് തടയാൻ കഴിയാഞ്ഞത് ഗുരുതര വീഴ്ചയാണ്. ഈ കേസ് നേരാംവണ്ണം നടക്കണമെന്ന ആഗ്രഹം യുഡിഎഫിനും ഇല്ല. ഉന്നത സിപിഎം നേതാക്കളും കൈക്കൂലി വാങ്ങിയിട്ടുണ്ട്. അമൂല്യമായ കരിമണൽ കടത്തുന്നതിന് വേണ്ടിയുള്ള പാരിതോഷികമാണിതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
കേസ് പിണറായിയിലേക്കും വീണയിലേക്കും പോകുമ്പോൾ യുഡിഎഫ് പ്രധാനമന്ത്രിയെ കണ്ടു , ആഭ്യന്തര മന്ത്രിയെ കണ്ടു എന്നൊക്കെ പറയുന്നത് വെറും പറച്ചിലാണ്. ആഭ്യന്തരവകുപ്പിന് തിരുത്തേണ്ടിവരും. എം വി ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ആളുകളാണ് തിരുവനന്തപുരത്ത് ആക്രമണത്തിന് നേതൃത്വം നൽകിയത്. ഈ കേസ് അട്ടിമറിക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
എസ്എഫ്ഐഒ കേസ് ഒരു കെട്ടിച്ചമച്ച കേസ് അല്ലെന്നും, ആദായ നികുതി വകുപ്പ് സിഎംആർഎൽ ഓഫീസിൽ ലഭിച്ച പരിശോധനയിൽ വ്യക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ കേസാണ്. ആ കേസിലാണ് പിണറായിയുടെ മകൾ വീണ വിജയന് ഡിഡി ആയിട്ട് ഒരു കോടി 76 ലക്ഷം രൂപയുടെ കണക്ക് വരുന്നത്. അതിനനുപാതികമായി കേരളത്തിലെ പ്രധാനപ്പെട്ട പല രാഷ്ട്രീയ പ്രവർത്തകർക്കും സിഎംആർഎൽ കമ്പനി ലക്ഷക്കണക്കിന് രൂപ നൽകിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട പരിശോധനയാണ് ഇഡി നടത്തുന്നത്. കലാപം സൃഷ്ടിച്ച കേസ് അവസാനിപ്പിക്കാമെന്ന് ആരും കരുതണ്ട. കേരള പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ കൃത്യവിലോപമാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
