ദുബായ് : ബലിപെരുന്നാൾ അവധിക്കാലത്തെ യാത്രക്കാരുടെ തിരക്കിനിടയിലും ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രാനടപടികൾ സുഗമമായി പുരോഗമിക്കുന്നു. പെരുന്നാൾ ദിനത്തിലെ റെക്കോഡ് തിരക്ക് കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനായി വിമാനത്താവളത്തിലെ വിവിധ ടെർമിനലുകളിൽ അധികൃതർ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പെരുന്നാൾ ആദ്യദിനത്തിൽ ദുബായ് താമസ, കുടിയേറ്റ വകുപ്പ് മേധാവി ലെഫ്. ജനറൽ മുഹമ്മദ് അൽ മർറിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥസംഘം വിമാനത്താവളത്തിൽ നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. ട്രാഫിക് നിയന്ത്രണങ്ങളും യാത്രക്കാരുടെ സുഗമമായ നീക്കവും ഉറപ്പാക്കാൻ ടെർമിനൽ 1, 2, 3 എന്നിവിടങ്ങളിലെ അറൈവൽ, ഡിപ്പാർച്ചർ ഹാളുകളിൽ അദ്ദേഹം പ്രത്യേകപരിശോധന നടത്തി. കൂടാതെ, തിരക്കേറിയ സമയത്ത് സേവനമനുഷ്ഠിക്കുന്ന വിവിധഫീൽഡ് ടീമുകളുടെ സജ്ജീകരണങ്ങളും അദ്ദേഹം പരിശോധിച്ചു. ജി.ഡി.ആർ.എഫ്.എ. ദുബായ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ദുബായ് പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥരായ മേജർ ജനറൽ മർവാൻ ജുൽഫാർ, ബ്രിഗേഡിയർ എക്സ്പർട്ട് ഹമീദ് അൽ ഹാഷിമി എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.
