ജനങ്ങളോട് ക്ഷമ ചോദിക്കുന്നു, ട്രംപിനെ ഭരണത്തിലെത്തിച്ചത് തെറ്റായി പോയെന്ന് ടക്കര്‍ കാള്‍സണ്‍

വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വീണ്ടും ഭരണത്തിലെത്തിച്ചതിൽ വേദനയുണ്ടെന്ന് ട്രംപിന്റെ അടുത്ത അനുയായിയും യുഎസ് ഇന്‍ഫ്ളുവന്‍സറുമായ ടക്കര്‍ കാള്‍സണ്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപിന് വേണ്ടി പ്രവര്‍ത്തിച്ച ടക്കര്‍ കാള്‍സണ്‍ ജനങ്ങളെ തെറ്റായ തീരുമാനത്തിലേക്ക് നയിച്ചതില്‍ ക്ഷമ ചോദിക്കുകയും ചെയ്തു. തിങ്കളാഴ്ച പുറത്തിറങ്ങിയ പോഡ്കാസ്റ്റ് എപ്പിസോഡിലാണ് ട്രംപിന്റെ മാഗാ കൂട്ടായ്മയുടെ മുന്‍നിരക്കാരില്‍ ഒരാളായ കാള്‍സണ്‍ പരസ്യമായി ജനങ്ങളോട് ക്ഷമ ചോദിച്ചത്.

അമേരിക്കയുടെ വിദേശ സൈനിക ഇടപെടലുകളെ ദീര്‍ഘകാലമായി എതിര്‍ക്കുന്ന കാള്‍സണ്‍ ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ആഴ്ചകളായി ട്രംപിനോടും അദ്ദേഹത്തിന്റെ അനുയായികളോടും കലഹത്തിലാണ്. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപിനൊപ്പം സജീവമായിരുന്ന ടക്കര്‍ കാള്‍സണ്‍ നിലവിലെ പ്രശ്‌നങ്ങളുടെ കാരണക്കാരില്‍ ഒരാളാണ് താനെന്നും പോഡ്കാസ്റ്റില്‍ പരസ്യമായി സമ്മതിച്ചു.

നേരത്തെ ട്രംപിനുവേണ്ടി പ്രസംഗങ്ങള്‍ എഴുതിയിരുന്ന സഹോദരന്‍ ബക്ലിയുമായി സംസാരിക്കവെയാണ് കാള്‍സണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഇത് നമ്മുടെ മനസ്സാക്ഷിയുമായി മല്ലിടേണ്ട നിമിഷമാണ്. ദീര്‍ഘകാലം ഇത് നമ്മളെ വേട്ടയാടും. എന്നെ ഇത് വല്ലാതെ വേദനിപ്പിക്കുന്നു. ആളുകളെ തെറ്റായി നയിച്ചതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.’-കാള്‍സണ്‍ പറഞ്ഞു.

ഈസ്റ്റര്‍ ഞായറാഴ്ച ഇറാനെതിരെ ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ഭീഷണി വല്ലാതെ ഞെട്ടിച്ചതായാണ് കാള്‍സണ്‍ വ്യക്തമാക്കിയത്. യുദ്ധത്തെത്തുടര്‍ന്ന് തടസ്സപ്പെട്ട ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കില്‍ ഇറാനെ ‘നരകമാക്കിമാറ്റും’ എന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇതിനു പിന്നാലെ, ട്രംപിന്റെ പെരുമാറ്റം തിന്മ നിറഞ്ഞതാണെന്ന് വിശേഷിപ്പിച്ച കാള്‍സണ്‍, പ്രസിഡന്റിനെതിരെ നിലകൊള്ളണമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *