ആലപ്പുഴ: അമീബിക് മസ്തിഷ്‌കജ്ജ്വരം ബാധിച്ച് ആലപ്പുഴയിൽ രണ്ടിടങ്ങളിലായി രണ്ടുപേർ മരിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് 19-ാം വാർഡ് നീർക്കുന്നം കളത്തിൽ വിജയന്റെ മകൾ ആര്യമോൾ (26), മാവേലിക്കര വഴുവാടി കളീക്കൽ വടക്കതിൽ ബിനു വർഗീസ് (55) എന്നിവരാണു മരിച്ചത്. ആര്യമോൾ ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ നഴ്‌സായിരുന്നു. വിദേശത്തു പോകാനായി രണ്ടുമാസം മുൻപ് രാജിവെച്ച് നാട്ടിലെത്തിയതാണ്. ഒരുമാസം മുൻപാണ് രോഗലക്ഷണം കണ്ടത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. ആശുപത്രിവിട്ട് വീട്ടിലെത്തിയശേഷം വീണ്ടും പ്രശ്നം കണ്ടതോടെ പരുമലയിലെ സ്വകാര്യാശുപത്രിയിലെത്തി. അവിടെ ഒരാഴ്ചയോളം കഴിഞ്ഞു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലേക്കു മാറ്റിയെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. ബിനു വർഗീസ് (55) മാവേലിക്കര പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിലെ കരാർ ജീവനക്കാരനായിരുന്നു. ബുധനാഴ്ച രാത്രി കലശലായ തലവേദനയുണ്ടായതിനാൽ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചു. മരുന്നു നൽകിയിട്ടും കുറയാഞ്ഞതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ശനിയാഴ്ച മരിച്ചു.
അമീബിക് മസ്തിഷ്‌കജ്ജ്വരം ബാധിച്ച് ആലപ്പുഴയിൽ രണ്ടുപേർ മരിച്ചു
