16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ച് യുകെ

ലണ്ടൻ: കുട്ടികളുടെ സുരക്ഷിതത്വവും മാനസികാരോഗ്യവും മുൻനിർത്തി 16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് പൂർണ്ണമായി നിരോധിച്ച് യുകെ. ഇതോടെ ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ കർശനമായ നിയമം നടപ്പിലാക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ബ്രിട്ടൻ മാറി. രാജ്യത്തെ കുട്ടികളുടെ സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്ന് യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ വ്യക്തമാക്കി.

ഓസ്‌ട്രേലിയ നടപ്പിലാക്കിയ മാതൃകയേക്കാൾ ഒരുപടി കൂടി കടന്നുള്ള ‘ഓസ്‌ട്രേലിയ-പ്ലസ്’ രീതിയാണ് ബ്രിട്ടൻ ഇതിനായി സ്വീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് സുരക്ഷിതമെന്ന് കരുതപ്പെടുന്ന പ്ലാറ്റ്‌ഫോമുകളിലെ ലൈവ് സ്ട്രീമിംഗിന് നിയന്ത്രണമുണ്ടാകും. കൂടാതെ ഗെയിമിംഗ് ആപ്പുകൾ വഴി അപരിചിതർ കുട്ടികളുമായി സമ്പർക്കം പുലർത്തുന്നത് തടയാനുള്ള സംവിധാനങ്ങളും ഇതിലൂടെ ഒരുക്കുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. കൗമാരക്കാർക്കായി സോഷ്യൽ മീഡിയ കർഫ്യൂ ഏർപ്പെടുത്തുന്ന കാര്യവും സർക്കാരിന്‍റെ സജീവ പരിഗണനയിലാണ്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത മാസം പുറത്തുവിടും.

2025 ഡിസംബറിലാണ് ഓസ്‌ട്രേലിയ ലോകത്തിലാദ്യമായി 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തിയത്. ‘ദി സൺഡേ ടൈംസ്’ റിപ്പോർട്ട് പ്രകാരം, ഓസ്‌ട്രേലിയ നിരോധിച്ച അതേ 10 പ്രമുഖ പ്ലാറ്റ്‌ഫോമുകൾക്ക് തന്നെയാണ് ബ്രിട്ടനിലും വിലക്ക് വരുന്നത്: ടിക്ടോക്, സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, റെഡ്ഡിറ്റ്, ട്വിച്ച്, എക്സ്, ത്രെഡ്സ്, ഫേസ്ബുക്ക്, കിക്ക് എന്നിവക്ക് പുറമെ പ്രായംകൂടിയ കൗമാരക്കാർക്ക് രാത്രികാലങ്ങളിൽ കർഫ്യൂ ഏർപ്പെടുത്താനും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടുകളുടെ ഉപയോഗം പരിമിതപ്പെടുത്താനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *