കണ്ണൂർ: സിഎംആർഎൽ എംഡി ശശിധരൻ കർത്തയിൽനിന്ന് ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിരയും പണം വാങ്ങിയെന്ന ആരോപണവുമായി ഇ.പി. ജയരാജന്റെ സഹോദരീ പുത്രൻ ശ്യാംജിത്ത്. വൈദേകം റിസോർട്ടിൽ ചെലവഴിച്ചത് ഈ പണമാണെന്നും ശ്യാംജിത്ത് ആരോപിച്ചു. അതേസമയം, ആരോപണങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരിക്കാൻ ശ്യാംജിത്ത് തയ്യാറായില്ല.
താൻ ജീവിതം അവസാനിപ്പിക്കുകയാണെന്നും അതിന്റെ ഉത്തരവാദിത്തം പി.കെ. ഇന്ദിരയ്ക്കും ഇ.പി. ജയരാജനുമാണെന്നും വ്യക്തമാക്കുന്ന ശ്യാംജിത്തിന്റെ കുറിപ്പും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കെ, ആരോപണങ്ങൾ രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ ചർച്ചയായിട്ടുണ്ട്.
അതേസമയം, ആരോപണങ്ങൾ തള്ളി ഇ.പി. ജയരാജൻ രംഗത്തെത്തി. വൈദേകം റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും റിസോർട്ടുമായി ബന്ധപ്പെട്ട് ഉപദേശങ്ങൾ മാത്രമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ശശിധരൻ കർത്തയുമായി തനിക്ക് സാമ്പത്തിക ഇടപാടുകളൊന്നുമില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇ.പി. വ്യക്തമാക്കി.
എന്ത് അടിസ്ഥാനത്തിലാണ് വാർത്ത നൽകിയതെന്ന് ചോദിച്ച ഇ.പി. ജയരാജൻ, വാർത്ത നൽകിയ ചാനലിനെതിരെയും ആരോപണം ഉന്നയിച്ച വ്യക്തിക്കെതിരെയും മാനനഷ്ടക്കേസ് നൽകുമെന്നും അറിയിച്ചു.



