മംഗളൂരു: ബംഗളൂരു-മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സർവീസിനുള്ള ചുരം പാതയിലെ പരീക്ഷണ ഓട്ടം വിജയം. മണ്ണിടിച്ചിൽ വെല്ലുവിളി നേരിടുന്ന സകലേശ്പുര ചുരം സെക്ഷനിലൂടെയായിരുന്നു പരീക്ഷണം. സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മൈസൂരു ഡിവിഷൻ സകലേശ്പുര, സുബ്രഹ്മണ്യ റോഡ് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ഓറഞ്ച് നിറത്തിലുള്ള വന്ദേ ഭാരത് ട്രെയിനിൽ യാത്രക്കാർക്ക് പകരം കോച്ചുകളിൽ മണൽ നിറച്ച ചാക്ക് ഉപയോഗിച്ചാണ് ഭാരം ക്രമീകരിച്ചത്.
ട്രെയിനിന്റെ സാങ്കേതിക കഴിവുകൾ വിലയിരുത്തുന്നതിനും ചുരത്തിൽ സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കുന്നതിനുമായി വ്യത്യസ്ത വേഗതകളിൽ ഒന്നിലധികം റൗണ്ട് പരീക്ഷണങ്ങൾ തുടരുമെന്ന് റയിൽവേ അധികൃതർ പറഞ്ഞൂ.വന്ദേ ഭാരതിന് റൂട്ടിൽ സുരക്ഷിതമായും കാര്യക്ഷമമായും ഓടാൻ കഴിയുന്ന പരമാവധി പ്രവർത്തന വേഗത നിർണ്ണയിക്കുന്നതിനായി വേഗത ക്രമേണ വർധിപ്പിക്കുന്നു. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സാങ്കേതികവിദ്യ ഘടിപ്പിച്ച 20 കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിൻ പരീക്ഷണത്തിനായി ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) നിന്നാണ് എത്തിച്ചത്.
